‘വേണ്ട… വേണ്ട…’ എന്ന് ശിവകുമാർ; വിട്ടുകൊടുക്കാതെ വൈക്കോ! പൊന്നാട അണിയിക്കാനുള്ള ശ്രമം വേദിയിൽ ചിരിപടർത്തി

ചെന്നൈ: പൊന്നാട അണിയിക്കേണ്ടെന്ന് നടൻ ശിവകുമാർ ആവർത്തിച്ച് തടഞ്ഞിട്ടും വിട്ടുകൊടുക്കാതെ എംഡിഎംകെ ജനറൽ സെക്രട്ടറി വൈക്കോ. ഒടുവിൽ ശിവകുമാറിനെ പൊന്നാട അണിയിച്ചാണ് വൈക്കോ തന്റെ ആഗ്രഹം സാധിച്ചത്. ഇരുവരും തമ്മിലുള്ള രസകരമായ ഈ നിമിഷങ്ങൾ വേദിയിലാകെ ചിരിപടർത്തി.

ചെന്നൈ കോട്ടൂർപുരത്തെ അണ്ണാ സെന്റിനറി ലൈബ്രറിയിൽ നടന്ന ‘വൈക്കോ ഇൻ പാർലമെന്റ്’ എന്ന പുസ്തകത്തിന്റെ പുനഃപ്രകാശന ചടങ്ങിലായിരുന്നു സംഭവം. പാർലമെന്റിന്റെ ഇരുസഭകളിലുമായി വൈക്കോ കഴിഞ്ഞ 30 വർഷത്തിനിടെ നടത്തിയ പ്രസംഗങ്ങളുടെ സമാഹാരമാണ് പുസ്തകം.

ചടങ്ങിൽ പങ്കെടുത്ത നടൻ ശിവകുമാറിനെ ആദരിക്കുന്നതിനായി പൊന്നാട അണിയിക്കാൻ വൈക്കോ മുന്നോട്ടുവന്നു. എന്നാൽ പൊന്നാട വേണ്ടെന്ന് പറഞ്ഞ് ശിവകുമാർ അദ്ദേഹത്തെ തടഞ്ഞു. വൈക്കോ വീണ്ടും അണിയിക്കാൻ ശ്രമിച്ചതോടെ ഇരുവരും തമ്മിൽ രസകരമായ സംഭാഷണവും ചെറിയ പിടിവാശിയും അരങ്ങേറി. ഒടുവിൽ ശിവകുമാറിന്റെ എതിർപ്പ് മറികടന്ന് വൈക്കോ പൊന്നാട അണിയിച്ചു. ഈ രംഗമാണ് സദസ്സിൽ ചിരിയുണർത്തിയത്.

രാഷ്ട്രീയത്തിലും സിനിമയിലും വ്യത്യസ്ത മേഖലകളിൽ പ്രവർത്തിക്കുന്നവരാണെങ്കിലും തമിഴ് ഭാഷയോടും സാഹിത്യത്തോടുമുള്ള താൽപര്യം ഇരുവരെയും അടുപ്പിക്കുന്നുണ്ട്. വൈക്കോയുമായി മാത്രമല്ല, അദ്ദേഹത്തിന്റെ കുടുംബവുമായും ശിവകുമാറിന് അടുത്ത ബന്ധമുണ്ട്. വൈക്കോയുടെ മകൻ ദുരൈ വൈക്കോയുടെ വിവാഹച്ചടങ്ങിലും ശിവകുമാർ പങ്കെടുത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *