സഞ്ചാരവിലക്കിന് പിന്നാലെ സൌരവ് ദാസിനെതിരെ ലുക്ക് ഔട്ട് സർക്കുലർ; മുംബൈ പോലീസിന്റെ നടപടിയെന്ന് കേന്ദ്രം

ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടി (CJP) നേതാവ് സൌരവ് ദാസിനെതിരെ ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചതായി കേന്ദ്രസർക്കാർ ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. മഹാരാഷ്ട്ര പോലീസിന്റെ അഭ്യർഥനപ്രകാരമാണ് നവംബർ 23-ന് സർക്കുലർ പുറപ്പെടുവിച്ചതെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം. വിദേശയാത്ര തടഞ്ഞ നടപടിക്കെതിരെ സൌരവ് ദാസ് സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കേന്ദ്രം ഇക്കാര്യം കോടതിയെ അറിയിച്ചത്.

നവംബർ 23-ന് ഡൽഹി വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലേക്ക് പോകാൻ ശ്രമിക്കുന്നതിനിടെയാണ് സൌരവ് ദാസിനെ ഇമിഗ്രേഷൻ അധികൃതർ തടഞ്ഞത്. ഓക്സ്ഫഡ് യൂണിയനിൽ ‘കോക്ക്രോച്ച് മൂവ്മെന്റ്’ എന്ന വിഷയത്തിൽ സംസാരിക്കാനായിരുന്നു യാത്ര. യാത്ര തടഞ്ഞതിനെ ചോദ്യം ചെയ്ത് അദ്ദേഹം ഡൽഹി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

ദാസിന്റെ പാസ്‌പോർട്ടിലെ ജനനസ്ഥലം ഉൾപ്പെടെയുള്ള വിവരങ്ങളിൽ പൊരുത്തക്കേടുകളുണ്ടെന്നാണ് കേന്ദ്രത്തിന്റെ വാദം. വിദ്യാഭ്യാസം, താമസവിലാസം, മാതാപിതാക്കളുടെ വിവരങ്ങൾ എന്നിവയിലും പൊരുത്തക്കേടുകൾ കണ്ടെത്തിയിട്ടുണ്ടെന്നും ഇവ ഇന്ത്യൻ പൗരത്വത്തെ സംബന്ധിച്ച കാര്യങ്ങളിലും പ്രതിഫലിക്കാമെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.

അതേസമയം, ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ച കാര്യമോ അതിന്റെ കാരണങ്ങളോ അധികൃതർ തന്നെ അറിയിച്ചിട്ടില്ലെന്നാണ് ദാസിന്റെ അഭിഭാഷകന്റെ വാദം. പാസ്‌പോർട്ട് റദ്ദാക്കുകയോ സസ്‌പെൻഡ് ചെയ്യുകയോ പിടിച്ചെടുക്കുകയോ ചെയ്തിട്ടില്ലെന്നും വിദേശയാത്ര തടയാൻ വ്യക്തമായ ഉത്തരവ് കാണിച്ചിട്ടില്ലെന്നും അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടി.

പാസ്‌പോർട്ടിലെ ജനനസ്ഥലം സംബന്ധിച്ച വിശദീകരണം തേടി ചെന്നൈ റീജിയണൽ പാസ്‌പോർട്ട് ഓഫീസ് നവംബർ 23-ന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഏഴ് ദിവസത്തിനകം മറുപടി നൽകാനാണ് നിർദേശം. മറുപടി നൽകുന്നതുവരെ പാസ്‌പോർട്ട് ഉപയോഗിച്ച് യാത്ര ചെയ്യരുതെന്നും നിർദേശിച്ചിട്ടുണ്ട്.

ജസ്റ്റിസ് അമിത് മഹാജൻ അധ്യക്ഷനായ ബെഞ്ച് ഹർജിയിൽ കേന്ദ്രസർക്കാരിന്റെ മറുപടി തേടി. ഡിസംബർ ഒമ്പതിന് കേസ് വീണ്ടും പരിഗണിക്കും. അതേസമയം, ലുക്ക് ഔട്ട് സർക്കുലർ ചോദ്യം ചെയ്യേണ്ടത് ഉചിതമായ വേദിയിലാണെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.

Leave a Reply

Your email address will not be published. Required fields are marked *