ദുൽഖർ ഞങ്ങളുടെ സ്വന്തം ആളാണെന്ന് എസ്. എസ് രാജമൗലി

ദുൽഖർ സൽമാൻ നായകനായ ‘ആകാശംലോ ഒക്ക താര’ ബോക്സോഫീസുകൾ കീഴടക്കി മുന്നേറവേ താരത്തെയും സിനിമയുടെ അണിയറ പ്രവർത്തകരെയും പുകഴ്ത്തി സംസാരിച്ചിരിക്കുകയാണ് പ്രശസ്ത സംവിധായകൻ എസ് എസ് രാജമൗലി. തെന്നിന്ത്യയിലാകെ ഇപ്പോൾ രാജമൗലിയുടെ വാക്കുകളാണ് തരം​ഗമായിക്കൊണ്ടിരിക്കുന്നത്. ദുൽഖർ ഞങ്ങളുടെ സ്വന്തം ആളാണെന്നും ‘എഓടി’ ദുൽഖറിന്റെ തോളിലേറി വളർന്ന സിനിമയാണെന്നാണ് താൻ വിശ്വസിക്കുന്നതെന്നും രാജമൗലി പറഞ്ഞു.

ദുൽഖർ ഇല്ലായിരുന്നെങ്കിൽ ഈ സിനിമ ഒരിക്കലും സംഭവിക്കില്ലായിരുന്നു. ഇത്രയും മനോഹരമായ ഒരു സിനിമ നമുക്ക് കാണാനും കഴിയുമായിരുന്നില്ല. അതിനെല്ലാം കാരണം ദുൽഖറാണ്. അതിന് ഒരുപാട് നന്ദിയെന്നും രാജമൗലി കൂട്ടിച്ചേർത്തു. തെലുങ്ക് സിനിമയിലെ കഥപറച്ചിൽ രീതികൾ പരിചയപ്പെടുന്നത് രാജമൗലിയുടെ ‘മഗധീര’, ‘ഈഗ’, ‘ബാഹുബലി’ എന്നീ ചിത്രങ്ങളിലൂടെയാണെന്ന് ദുൽഖർ സൽമാൻ പറഞ്ഞു. ബോംബെയിൽ ആക്ടിങ് സ്കൂളിൽ പഠിക്കുന്ന കാലത്ത് എന്റെ അടുത്ത സുഹൃത്ത് രാതുലാണ് എന്നെ ആദ്യമായി ‘മഗധീര’ കാണിക്കുന്നത്.

പിന്നീട് ഞങ്ങൾ ആ സിനിമ വീണ്ടും വീണ്ടും കണ്ടുകൊണ്ടേയിരുന്നു. അന്നുമുതൽ ഇന്നും എന്റെ ഏറ്റവും പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണത്. ‘ഈഗ’, ‘ബാഹുബലി’ എന്നിവ കണ്ടപ്പോൾ ഞാൻ എവിടെയായിരുന്നു എന്നുപോലും കൃത്യമായി ഓർമയുണ്ട്. ഇത്രയധികം വലിയ വിജയങ്ങൾ നേടിയിട്ടും രാജമൗലി സർ അത് വളരെ ലാളിത്യത്തോടെയാണ് കൊണ്ടുനടക്കുന്നത്. അങ്ങ് എത്രത്തോളം മികച്ച ചലച്ചിത്രകാരനാണോ, അത്രത്തോളം തന്നെ മികച്ച ഒരു മനുഷ്യനുമാണെന്നും ദുൽഖർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *