ന്യൂഡൽഹി: ഔദ്യോഗിക വസതി അനുവദിച്ചുകിട്ടാത്ത സാഹചര്യത്തിൽ മുൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ ഡിസംബർ ഒന്നുമുതൽ ഡൽഹിയിലെ സ്വകാര്യ ഫ്ലാറ്റിലേക്ക് താമസം മാറും. ഇന്ത്യാ ഗേറ്റിന് സമീപം തിലക് മാർഗിലുള്ള സാഗർ അപ്പാർട്ട്മെന്റിലെ 8A നമ്പർ ഫ്ലാറ്റിലേക്കാണ് അദ്ദേഹം മാറുന്നത്. അർഹതപ്പെട്ട ഔദ്യോഗിക വസതി അനുവദിക്കുന്നതുവരെ ഇവിടെ തുടരുമെന്ന് ധൻഖറിന്റെ ഓഫീസ് അറിയിച്ചു.
ധൻഖറിന്റെ പ്രൈവറ്റ് സെക്രട്ടറി അഭ്യുദയ് സിങ് ശേഖാവത്ത് എക്സിലൂടെയാണ് പുതിയ താമസസ്ഥലത്തെക്കുറിച്ചുള്ള വിവരം പങ്കുവെച്ചത്. 2025 ജൂലൈ 21നാണ് ആരോഗ്യപരമായ കാരണങ്ങളും ഡോക്ടർമാരുടെ നിർദേശവും ചൂണ്ടിക്കാട്ടി ധൻഖർ ഉപരാഷ്ട്രപതി സ്ഥാനം രാജിവെച്ചത്. 2027 ഓഗസ്റ്റ് വരെയായിരുന്നു അദ്ദേഹത്തിന്റെ കാലാവധി.
രാജിവെച്ചതിന് പിന്നാലെ ഉപരാഷ്ട്രപതിയുടെ ഔദ്യോഗിക വസതിയായ വൈസ് പ്രസിഡന്റ്സ് എൻക്ലേവിൽ തുടർന്ന ധൻഖർ 2025 സെപ്റ്റംബർ ഒന്നിന് അവിടെനിന്ന് താമസം മാറി. ദക്ഷിണ ഡൽഹിയിലെ ഛത്തർപൂരിലുള്ള ഹരിയാന രാഷ്ട്രീയ നേതാവ് അഭയ് ചൗട്ടാലയുടെ ഉടമസ്ഥതയിലുള്ള ഫാംഹൗസിലേക്കായിരുന്നു താമസം മാറ്റിയത്. ഔദ്യോഗിക വസതി ലഭിക്കുന്നതുവരെ താൽക്കാലികമായിട്ടായിരുന്നു ഈ ക്രമീകരണം.
മുൻ ഉപരാഷ്ട്രപതിമാർക്ക് ബാധകമായ ചട്ടങ്ങൾ പ്രകാരം ജീവിതകാലം മുഴുവൻ വാടക നൽകാതെ സർക്കാർ വസതിയിൽ താമസിക്കാൻ അർഹതയുണ്ട്. ടൈപ്പ് എട്ട് വിഭാഗത്തിലുള്ള ബംഗ്ലാവാണ് ഇതിന്റെ ഭാഗമായി അനുവദിക്കേണ്ടത്. വെള്ളം, വൈദ്യുതി ചാർജുകളിലും ഇളവുണ്ട്.
എന്നാൽ രാജിവെച്ച് ഒരു വർഷത്തിലേറെ പിന്നിട്ടിട്ടും ധൻഖറിന് ഔദ്യോഗിക വസതി അനുവദിച്ചിട്ടില്ല. മുൻ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡുവിന് കാലാവധി പൂർത്തിയാക്കി ഏതാനും മാസങ്ങൾക്കുള്ളിൽ ഡൽഹിയിൽ ഔദ്യോഗിക വസതി അനുവദിച്ചിരുന്നു. ഈ സാഹചര്യത്തിൽ ധൻഖറിന്റെ താമസവുമായി ബന്ധപ്പെട്ട വിഷയം ശ്രദ്ധ നേടുകയാണ്.
