കണ്ണൂർ: കെ. സുധാകരനെ ദുബായിലെ നിലവിലെ ആശുപത്രിയിൽ നിന്ന് ആസ്റ്റർ ആശുപത്രിയിലേക്ക് മാറ്റുമെന്ന് മകൻ സഞ്ജോഗ് സുധാകരൻ അറിയിച്ചു. തുടർന്ന് അവിടെ പരിശോധന നടത്തിയ ശേഷം ഇന്ന് തന്നെ ഡൽഹിയിലേക്ക് കൊണ്ടുപോകാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ആശുപത്രി സ്വയം ഡിസ്ചാർജ് നൽകില്ലെന്നും സ്വന്തം റിസ്കിൽ ഡിസ്ചാർജ് വാങ്ങി കൊണ്ടുപോകാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും സഞ്ജോഗ് വ്യക്തമാക്കി. അച്ഛനെ കണ്ടെന്നും ചെറിയ ഓർമ്മക്കുറവ് പോലുള്ള പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടെന്നും മകൻ പറഞ്ഞു.
പുറമേയ്ക്ക് പ്രശ്നങ്ങളൊന്നും തോന്നുന്നില്ലെങ്കിലും ആന്തരിക പ്രശ്നങ്ങൾ ഉണ്ടായതിനാലാണ് ഐ.സി.യുവിൽ പ്രവേശിപ്പിച്ചത്. നേരത്തെ അച്ഛൻറെ ചികിത്സ സംബന്ധിച്ച് ദുരൂഹതയുണ്ടെന്ന് സംജോതും മറ്റ് കുടുംബാംഗങ്ങളും ആരോപിച്ചിരുന്നു. അദ്ദേഹത്തെ ഇന്നു തന്നെ ഡിസ്ചാർജ് ചെയ്ത് ഡൽഹിയിലെത്തിക്കാനാണ് കൂടുംബവും കോണ്ഗ്രസ് നേതൃത്വവും ശ്രമിക്കുന്നത്. അച്ഛനെ കാണാൻ അനുവദിക്കുന്നില്ലെങ്കിൽ അച്ഛൻ മറ്റാരുടെയോ കസ്റ്റഡിയിലാണെന്നുമായിരുന്നു സംജോഗ് നേരത്തെ ഉന്നയിച്ച പരാതി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വിളിച്ചതായി ഡോക്ടർ പറഞ്ഞുവെന്ന് ബന്ധുക്കൾ അറിയിച്ചു.
അമേരിക്കയിലേക്ക് ചികിത്സക്കായി പോകാനുള്ള തയ്യാറെടുപ്പിനിടെ, കൺസൾട്ടേഷനായി നവംബർ 27നാണ് സുധാകരനെ ദുബൈ ഹിൽസിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. യുഎസിലേക്ക് ചികിത്സയ്ക്കായി പോയ സുധാകരൻ നിലവിൽ യുഎഇയിലാണുള്ളത്. സുധാകരന്റെ യാത്രയ്ക്ക് മുൻപ് തന്നെ മണ്ഡല പുനർനിർണയ ബിൽ ചർച്ച ചെയ്യാനായി പാർലമെന്റ് വിളിച്ചുചേർക്കുമെന്ന കേന്ദ്ര സർക്കാരിന്റെ അറിയിപ്പ് വന്നിരുന്നു. നാളെ പാർലമെന്റിൽ എത്തണമെന്ന് കോൺഗ്രസ് നേതൃത്വം കർശന നിർദേശം നൽകുകയും, ചികിത്സയ്ക്കുള്ള തുടർസൗകര്യം പാർട്ടി തന്നെ നൽകുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ അറിയിക്കുകയും ചെയ്തിരുന്നു.
