മലപ്പുറം: കോൺഗ്രസിൽ നടക്കുന്ന മുഖ്യമന്ത്രി ചർച്ചയിൽ ലീഗ് നേതൃത്വത്തെ വിമർശിച്ച് കോട്ടക്കലിൽ ബാനർ. നേതാക്കൾ വി. ഡി സതീശന്റെ പിആർ ചതിക്കുഴിയിൽ വീഴരുതെന്നാണ് ബാനറിൽ പറയുന്നത്. ഉമ്മൻ ചാണ്ടിയെ പിന്നിൽ നിന്നും കുത്തിയ വി ഡി പിആർ വർക്കിലൂടെ പാർട്ടിയെ മണ്ടന്മാർ ആക്കുന്നുവെന്നും ബാനറിൽ പരാമർശമുണ്ട്. പച്ചപ്പട മലപ്പുറം എന്ന പേരിലാണ് ബാനർ സ്ഥാപിച്ചിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ ദൃശ്യങ്ങൾ പ്രചരിച്ചതിന് പിന്നാലെ സ്ഥലത്തുനിന്നും ബാനർ നീക്കി.
അതേസമയം, സതീശനെ അനുകൂലിച്ച് വീണ്ടും പലയിടത്തും ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. തൊടുപുഴ പട്ടയം കവലയ്ക്ക് സമീപം ‘പട നയിച്ചവന്‍ നാട് നയിക്കും’ എന്നെഴുതിയ ഫ്ലെക്സ് ബോർഡാണ് ഉയർന്നത്. ടീം യുഡിഎഫ് തൊടുപുഴ എന്ന പേരിലാണ് ഫ്ളക്സ് ഉയര്‍ത്തിയത്. വി. ഡി സതീശന്റെ പൂര്‍ണ്ണകായ ചിത്രത്തോടൊപ്പം ‘നിലപാടിന്റെ രാജകുമാരന് അഭിവാദ്യം’ എന്നും എഴുതിയിട്ടുണ്ട്. അതേസമയം കണ്ണൂരിലും വീണ്ടും വി. ഡി സതീശനെ അനുകൂലിച്ച് ഫ്ലക്സ് ബോർഡ് ഉയര്‍ന്നു. നിയുക്ത മുഖ്യമന്ത്രിക്ക് അഭിവാദ്യങ്ങൾ എന്നാണ് ഫ്ലക്സിലെ വാചകം. ശ്രീകണ്ഠപുരം കൊട്ടൂർവയൽ ബസ് സ്റ്റോപ്പിന് സമീപത്താണ് കോൺഗ്രസ് കമ്മിറ്റിയുടെ പേരിൽ ഫ്ലക്സ് ബോർഡ് സ്ഥാപിച്ചത്.
ദിവസങ്ങൾക്ക് മുമ്പ് മൂവാറ്റുപുഴയില്‍ വി. ഡി സതീശനെതിരെ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരുന്നു. പി ആര് വര്‍ക്കിന്റെ ബലത്തില്‍ രമേശ് ചെന്നിത്തലയെ പോലുള്ള സീനിയര്‍ നേതാക്കളെ താറടിക്കാന്‍ ശ്രമമെന്ന പോസ്റ്ററാണ് ഉയര്‍ന്നത്. മുഖ്യമന്ത്രി ആകാനുള്ള സതീശന്റെ വ്യാമോഹം വിലപോകില്ല എന്നും പോസ്റ്ററില്‍ പറഞ്ഞിരുന്നു.
