തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതില്‍ പ്രതികരണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. രണ്ടുദിവസം കൊണ്ട് തീരുമാനം വരുമെന്നാണ് കരുതുന്നതെന്ന് കെ മുരളീധരന്‍ പറഞ്ഞു. വേവുവോളം കാത്തെങ്കില്‍ ആറുവോളം കാക്കാമെന്നും തീരുമാനം വരുന്നത് വരെ കാത്തിരിക്കണമെന്നും കെ മുരളീധരന്‍ പറഞ്ഞു.
ഇതെല്ലാം പാര്‍ട്ടിയുടെ നടപടിക്രമങ്ങളാണെന്നും അതനുസരിച്ചാണ് ചര്‍ച്ചകള്‍ നടന്നതെന്നും കെ മുരളീധരന്‍ പറഞ്ഞു. പുതിയ ആള്‍ക്കാര്‍ വരുമ്പോള്‍ തര്‍ക്കമുണ്ടാകുമെന്നും കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ഇതെല്ലാം പതിവാണെന്നും മുരളീധരന്‍ പറഞ്ഞു. ഹൈക്കമാന്‍ഡ് വീണ്ടും അഭിപ്രായം തേടിയാലും തന്റെ അഭിപ്രായം ഒന്നേയുളളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേതാക്കള്‍ക്കിടയില്‍ സമവായമാവാത്തതിനാല്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി പ്രഖ്യാപനം നീളുകയാണ്. ഇന്നലെ ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുടെയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെയും നേതൃത്വത്തില്‍ നടന്ന മാരത്തണ്‍ ചര്‍ച്ചയ്‌ക്കൊടുവിലും ഒറ്റപ്പേരിലേക്കെത്താന്‍ കഴിഞ്ഞില്ല. കോൺഗ്രസ് തീരുമാനം ഘടകകക്ഷി നേതാക്കളെ അറിയിക്കും.
സമയമുണ്ടെന്നും തീരുമാനം ഹൈക്കമാന്‍ഡ് പ്രഖ്യാപിക്കുമെന്നുമായിരുന്നു ചര്‍ച്ചയ്ക്കുശേഷം കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷിയുടെ പ്രതികരണം. ഇനി ചര്‍ച്ചയില്ലെന്നും പ്രഖ്യാപനം മാത്രമേയുള്ളൂവെന്നുമാണ് നേതാക്കള്‍ വ്യക്തമാക്കുന്നത്. പ്രഖ്യാപനം ഇന്നോ നാളെയോ ഉണ്ടായേക്കുമെന്നാണ് സൂചന.
ശനിയാഴ്ച വൈകിട്ട് നാല് മണിയോടെയാണ് മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയില്‍ നിര്‍ണായക ചര്‍ച്ച നടന്നത്. ആദ്യം കെ സി വേണുഗോപാലും തൊട്ടുപിന്നാലെ വി ഡി സതീശനും രമേശ് ചെന്നിത്തലയും സണ്ണി ജോസഫും ചര്‍ച്ചയ്ക്കായി എത്തി. ആദ്യഘട്ടത്തില്‍ കെ സി വേണുഗോപാല്‍, വി ഡി സതീശന്‍, രമേശ് ചെന്നിത്തല, സണ്ണി ജോസഫ് അടക്കമുള്ള നേതാക്കളോട് മല്ലികാര്‍ജുന്‍ ഖര്‍ഗെയും ദീപാദാസ് മുന്‍ഷിയും ഒറ്റയ്ക്ക് സംസാരിച്ചു.
ഇതിന് ശേഷം കെ സി വേണുഗോപാലിനെ നിശ്ചയിച്ചുകൊണ്ടുള്ള നിര്‍ദേശം ഹൈക്കമാന്‍ഡ് അവതരിപ്പിക്കുകയാണ് ചെയ്തത്. എംഎല്‍എമാരുടെ പിന്തുണയാണ് ഹൈക്കമാന്‍ഡ് പ്രധാനമായും മാനദണ്ഡമാക്കിയത്. സതീശന് അനുകൂലമായ പ്രകടനങ്ങള്‍ അച്ചടക്ക ലംഘനമെന്നായിരുന്നു ഹൈക്കമാന്‍ഡ് വിലയിരുത്തിയത്. വി ഡി സതീശനും രമേശ് ചെന്നിത്തലയ്ക്കും പറയാനുള്ളത് നേതാക്കള്‍ കേട്ടു. വി ഡി സതീശനും ചെന്നിത്തലയും എതിർപ്പുയർത്തിയതോടെ തീരുമാനം പ്രഖ്യാപിക്കാതെ അവസാനിപ്പിക്കുകയായിരുന്നു.
