ഭോപ്പാൽ: ആധാർ കാർഡ് ഒരാളുടെ തിരിച്ചറിയൽ രേഖ മാത്രമാണെന്നും പ്രായം തെളിയിക്കുന്നതിനുള്ള ആധികാരിക രേഖയായി കണക്കാക്കാനാകില്ലെന്നും മധ്യപ്രദേശ് ഹൈക്കോടതി. പ്രായം സംബന്ധിച്ച തർക്കങ്ങളിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ വൈദ്യശാസ്ത്രപരമായ വിലയിരുത്തലിന് കൂടുതൽ വിശ്വാസ്യത നൽകാമെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് അമിത് സേത് അധ്യക്ഷനായ ഗ്വാളിയോർ ബെഞ്ചിന്റേതാണ് ഉത്തരവ്.
2019 ഡിസംബറിലുണ്ടായ വാഹനാപകടത്തിൽ മരിച്ച 13 വയസ്സുകാരന്റെ മാതാപിതാക്കൾക്ക് അനുവദിച്ച നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ആധാർ കാർഡിലെ വിവരങ്ങൾ പ്രകാരം കുട്ടിയുടെ പ്രായം 14 വർഷവും 7 മാസവും 9 ദിവസവുമാണെന്നായിരുന്നു മോട്ടോർ ആക്സിഡന്റ്സ് ക്ലെയിംസ് ട്രിബ്യൂണലിന്റെ കണ്ടെത്തൽ. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കുട്ടിയുടെ പ്രായം 13 വയസ്സെന്നാണ് രേഖപ്പെടുത്തിയിരുന്നത്.
ഇതിന്റെ അടിസ്ഥാനത്തിൽ നഷ്ടപരിഹാരത്തുക നിർണയിച്ചതിനെതിരെ ഇൻഷുറൻസ് കമ്പനി കോടതിയെ സമീപിക്കുകയായിരുന്നു. പോസ്റ്റ്മോർട്ടം പരിശോധനയിലെ വൈദ്യശാസ്ത്രപരമായ വിലയിരുത്തലാണ് പ്രായം നിർണയിക്കാൻ കൂടുതൽ വിശ്വസനീയമെന്ന് ഹൈക്കോടതി അംഗീകരിച്ചു.
അതേസമയം, കുട്ടിയുടെ മാതാപിതാക്കൾക്ക് ട്രിബ്യൂണൽ അനുവദിച്ച 5.45 ലക്ഷം രൂപയുടെ നഷ്ടപരിഹാരം കോടതി 8,25,500 രൂപയായി ഉയർത്തി. അധിക നഷ്ടപരിഹാരത്തുകയ്ക്കും മാതാപിതാക്കൾക്ക് അർഹതയുണ്ടെന്ന് കോടതി വ്യക്തമാക്കി.
