ചെന്നൈ: ഭരണകക്ഷിയായ ടി.വി.കെ നടത്തുന്ന കുതിരക്കച്ചവടത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ അണ്ണാഡി.എം.കെ. പ്രതിനിധികൾ ഗവർണർ രാജന്ദ്ര ആർലേക്കർക്ക് പരാതി നൽകി. എം.എംൽ.എ.മാരെ വിലയ്ക്കെടുക്കുന്നതിനെച്ചൊല്ലി അണ്ണാ ഡി.എം.കെയും ടി.വി.കെ.യും തമ്മിൽ വാക് പോര് തുടരുന്നതിനിടെയാണ് നേതാക്കൾ കഴിഞ്ഞ ദിവസം ഗവർണറെ കണ്ടത്. വൻതോതിൽ പണം നൽകിയാണ് മറ്റ് പാർട്ടികളിൽ നിന്നുള്ള എം.എൽ.എ.മാരെ ടി.വി.കെ.യിലേക്ക് ആകർഷിക്കുന്നതെന്ന് അണ്ണാഡി.എം.കെ. വിപ്പ് അഗ്രി എസ്.എസ്. കൃഷ്ണമൂർത്തി നൽകിയ പരാതിയിൽ പറയുന്നത്.
ഇതുമായി ബന്ധപ്പെട്ട് നടന്ന പണമിടപാടുകൾ പരിശോധിക്കണമെന്നും സി.ബി.ഐ. അന്വേഷണം നടത്തണമെന്നും പാർട്ടി ആവശ്യപ്പെട്ടിട്ടുണ്ട്.
അണ്ണാ ഡി.എം.കെ.യിലെ നാല് പേർ എം.എൽ.എ. സ്ഥാനം രാജിവെച്ച് ടി.വി.കെയിൽ ചേർന്നിരുന്നു. പാർട്ടി എം.എൽ.എ.മാരിൽ 25 പേർ പാർട്ടി ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമിക്കെതിരേ കലാപക്കൊടി ഉയർത്തുകയും വിശ്വാസവോട്ടെടുപ്പിൽ ടിവികെയ്ക്ക് അനുകൂലമായി വോട്ടു ചെയ്യുകയും ചെയ്തു. ഇതിൽപ്പെട്ട നാല് പേരാണ് എം.എൽ.എ സ്ഥാനം രാജിവെച്ചത്.
അണ്ണാഡി.എം.കെ. എം.എൽ.എ.മാരിൽ 90 ശതമാനം പേരും ടി.വി.കെ.യിൽ ചേരാൻ ഒരുങ്ങി നിൽക്കുകയാണെന്ന് മന്ത്രി ആധവ് അർജുന പറഞ്ഞിരുന്നു. ഇത് പാർട്ടിയിൽ ആശങ്കയ്ക്കും പ്രതിഷേധത്തിനും വഴിവെച്ചിട്ടുണ്ട്. കുതിരക്കച്ചവടം ഉടൻ അവസാനിപ്പിച്ചില്ലെങ്കിൽ കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നാണ് അണ്ണാ ഡി.എം.കെ നേതാവ് ആർ.ബി ഉദയകുമാർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
