സെൻസസ്; ജൂലൈ ഒന്ന് മുതല്‍ 30 വരെ വീടുകളുടെ കണക്കെടുപ്പ് നടക്കുമെന്ന് പൊതുഭരണ സെക്രട്ടറി

തിരുവനന്തപുരം: രാജ്യത്തെ ആദ്യത്തെ ഡിജിറ്റല്‍ സെന്‍സസ് രണ്ട് ഘട്ടങ്ങളിലായി നടക്കുമെന്ന് പൊതുഭരണ സെക്രട്ടറി കെ ബിജു. വീടുകളുടെ പട്ടിക തയ്യാറാക്കലും സെന്‍സസുമാണ് ഒന്നാം ഘട്ടത്തില്‍ നടക്കുക. കേരളത്തില്‍ ജൂലൈ ഒന്ന് മുതല്‍ 30 വരെ വീടുകളുടെ കണക്കെടുപ്പും നടക്കും. രണ്ടാം ഘട്ടമായ ജനസംഖ്യാ കണക്കെടുപ്പ് 2027 ഫെബ്രുവരിയില്‍ നടക്കുമെന്നും കെ. ബിജു പറഞ്ഞു. ആകെ 33 ചോദ്യങ്ങളാണ് ഇതിനായി വിജ്ഞാപനം ചെയ്തിട്ടുള്ളത്. പൊതുജനങ്ങള്‍ക്ക് സ്വയം വിവരങ്ങള്‍ നല്‍കാന്‍ നാളെ മുതല്‍ 15 ദിവസത്തേക്ക് https://se.census.gov.in/ എന്ന പോര്‍ട്ടല്‍ വഴി ‘സെല്‍ഫ് എന്യൂമറേഷന്‍’ സൗകര്യം ലഭ്യമാണ്.

ഈ വിവരങ്ങള്‍ പിന്നീട് ഫീല്‍ഡ് സന്ദര്‍ശന വേളയില്‍ എന്യൂമറേറ്റര്‍മാര്‍ പരിശോധിച്ച് സ്ഥിരീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിവരശേഖരണത്തിനായി അധ്യാപകരും ജീവനക്കാരുമടങ്ങുന്ന 61,282 എന്യൂമറേറ്റര്‍മാരെയും 10,189 സൂപ്പര്‍വൈസര്‍മാരെയും സംസ്ഥാനത്ത് നിയോഗിച്ചിട്ടുണ്ട്. എന്യൂമറേറ്റര്‍മാര്‍ ‘HLO’ ആപ്പ് ഉപയോഗിച്ചാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ‘സെന്‍സസ് മാനേജ്മെന്റ് ആന്‍ഡ് മോണിറ്ററിംഗ് സിസ്റ്റം’ പോര്‍ട്ടലും ഉപയോഗിക്കും. വ്യക്തിഗത വിവരങ്ങള്‍ സുരക്ഷിതമായിരിക്കുമെന്നും കെ ബിജു പറഞ്ഞു.

സെന്‍സിന് നിയോഗിക്കപ്പെട്ട ജീവനക്കാരുടെ ഷിഫ്റ്റ് സമ്പ്രദായം സംബന്ധിച്ച് വരും ദിവസങ്ങളില്‍ സര്‍ക്കാറുമായി ചര്‍ച്ച നടത്തുമെന്ന് സെന്‍സസ് ഡയറക്ടര്‍ ഡോ. മിത്ര പറഞ്ഞു. കുട്ടികളുടെ പഠനത്തെ ബാധിക്കാത്ത തരത്തില്‍ അധ്യാപകരെ സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ക്ക് നിയോഗിക്കുമെന്നും സെന്‍സസുമായി സഹകരിക്കാത്തവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും 1000 രൂപ പിഴയും തടവും ശിക്ഷ വിധിക്കുമെന്നും മിത്ര പറഞ്ഞു. വിദേശത്തുള്ള ഇന്ത്യക്കാര്‍ സെന്‍സസിന്റെ ഭാഗമാകില്ലെന്നും മിത്ര പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *