കൊല്ലം: പാർട്ടിക്ക് ആധിപത്യമുണ്ടായിരുന്ന സീറ്റുകളിലുണ്ടായ പരാജയം അന്വേഷിക്കാൻ സി.പിഐ അന്വേഷണ കമ്മീഷനെ നിയോഗിച്ചേക്കും. ചിറയൻകീഴ്, ചടയമംഗലം, ചാത്തന്നൂർ, വൈക്കം, പീരുമേട്, നാദാപുരം എന്നിവിടങ്ങളിലെ കനത്ത തോൽവിയാണ് സംസ്ഥാനനേതൃത്വം അന്വേഷിക്കുന്നത്. തോൽവി സംബന്ധിച്ച് അന്വേഷണം വേണമെന്ന് മുതിർന്ന നേതാവ് സി.എൻ ചന്ദ്രൻ സംസ്ഥാനനേതൃയോഗത്തിൽ ആവശ്യപ്പെട്ടിരുന്നു. ചാത്തന്നൂർ സീറ്റിൽ ബിജെപി ജയിച്ചത് അതീവഗൗരവത്തോടെ കാണണമെന്ന് യോഗത്തിൽ അഭിപ്രായമുയർന്നു. ചടയമംഗലത്ത് മന്ത്രി ജെ. ചിഞ്ചുറാണിയുടെ തെരഞ്ഞെടുപ്പുപ്രവർത്തനങ്ങൾ വേണ്ട വിധം നടന്നില്ലെന്ന് കാട്ടി സംസ്ഥാനനേതൃത്വത്തിന് പരാതി പോയിട്ടുണ്ട്. പീരുമേടൊഴികെയുള്ള മണ്ഡലങ്ങളിൽ, തോൽവിയുടെ സൂചനപോലും പാർട്ടിഘടകങ്ങൾ നൽകിയിരുന്നില്ല.
അതിനിടെ, മൂന്ന് ടേം നിബന്ധനയെച്ചൊല്ലി പാർട്ടിയിൽ കലഹവും തുടങ്ങിയിട്ടുണ്ട്. മൂന്ന് തവണ മത്സരിച്ച നേതാക്കൾ മാറിനിൽക്കണമെന്ന തീരുമാനം അട്ടിമറിച്ച്, വീണ്ടും മത്സരിക്കാൻ ശ്രമിച്ച നേതാക്കളാണ് തോൽവിക്ക് കാരണമെന്നാണ് ഒരു വിഭാഗത്തിന്റെ വാദം. കൊല്ലം, പത്തനംതിട്ട, തൃശ്ശൂർ, കോഴിക്കോട്, കാസർകോട് തുടങ്ങിയ ജില്ലകളിൽ ‘മൂന്നു തവണ നിബന്ധന’ ഒഴിവാക്കി പഴയ എം.എൽ.എ.മാരെയും ചില മുതിർന്ന നേതാക്കളെയും വീണ്ടും മത്സരിപ്പിക്കണമെന്ന് വാദമുയർന്നിരുന്നു. ഇത് സംസ്ഥാനനേതൃത്വം അംഗീകരിച്ചില്ലെങ്കിലും വിഭാഗീയതയ്ക്കു കാരണമായതായാണ് ആരോപണം.
തൃശ്ശൂർ, കോഴിക്കോട്, കാസർകോട് ജില്ലകളിൽ താഴേത്തട്ടിലെ ചർച്ച ജില്ലാ കമ്മിറ്റികൾതന്നെ തള്ളി. കൊല്ലം, പത്തനംതിട്ട ജില്ലാ കമ്മിറ്റികൾ ഇളവ് വേണമെന്ന നിർദേശമുയർത്തിയിരുന്നു. ഈ തർക്കം തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ ബാധിച്ചതായാണ് പരാതി. എന്നാൽ, നിബന്ധനയുടെ പേരിൽ ജയസാധ്യതയില്ലാത്ത സ്ഥാനാർഥികളെ അടിച്ചേൽപ്പിച്ചുവെന്ന വാദം മറുപക്ഷം ഉയർത്തുന്നുണ്ട്. സി.കെ. ചന്ദ്രപ്പൻ സംസ്ഥാന സെക്രട്ടറിയായിരുന്നപ്പോഴാണ് രണ്ടുതവണ മത്സരിച്ച നേതാക്കൾക്ക് പിന്നീട് അവസരം നൽകേണ്ടതില്ലെന്ന നിബന്ധന വന്നത്. കാനം രാജേന്ദ്രൻ സെക്രട്ടറിയായ സമയത്ത്, അനിവാര്യമാണെങ്കിൽ ഒരു തവണകൂടി ഇളവുനൽകാം എന്നാക്കി. ഇത്തവണ ഇതേ നിബന്ധന തുടരുകയായിരുന്നു.
