തിയേറ്ററുകൾ കീഴടക്കിയ ചിത്രമായിരുന്നു ഹാഷിർ, അലൻ, വിനായക്, അജിൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സവിൻ സ സംവിധാനം ചെയ്ത വാഴ 2. ഇപ്പോഴിതാ ഒടിടിയിലും മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുകയാണ് ചിത്രം. ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ ചിത്രം ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് സ്ട്രീമിംഗ് ആരംഭിച്ചത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിലും വാഴ 2ന്റെ ഒടിടി സ്ട്രീമിംഗ് ആരംഭിച്ചിട്ടുണ്ട്. തിയേറ്ററിൽ കയ്യടി ലഭിച്ച എല്ലാ സീനുകളും ഒടിടിയിലും വലിയ രീതിയിൽ ചർച്ചയാവുന്നുണ്ട്. അജിനും രവീന്ദ്രനും തമ്മിലുള്ള ഗൾഫിലെ രംഗങ്ങളൊക്കെ വലിയ രീതിയിലാണ് എക്സ് അടക്കമുള്ള സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവുന്നത്.
സാക്നിൽക് റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം 230 കോടി രൂപയാണ് ചിത്രം ആഗോള കളക്ഷനായി നേടിയത്. കേരളത്തിൽ നിന്ന് മാത്രം 125 കോടി നേടിയാണ് ചിത്രം മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയത്. ഹാഷിർ, അലൻ ബിൻ സിറാജ്, അജിൻ ജോയ്, വിനായക്, അമീൻ തുടങ്ങിയ യുവതാരങ്ങൾക്കൊപ്പം സുധീഷ്, വിജയ് ബാബു, അജു വർഗീസ്, അരുൺ, അൽഫോൻസ് പുത്രൻ, വിനോദ് കെടാമംഗലം തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്ന ചിത്രം കോമഡി ഡ്രാമ ഫോർമുലയിലൂടെയാണ് കഥ പറയുന്നതെങ്കിലും ഹ്യൂമറിൽ തുടങ്ങി ഇമോഷണൽ ഡ്രാമയിലൂടെ കടന്ന് ശുഭപര്യവസായിയാണ് അവസാനിക്കുന്നത്.
നിറയെ പൊട്ടിച്ചിരികളുമായി കഥ പറഞ്ഞ് പോകുന്ന ഫസ്റ്റ് ഹാഫും, ജീവിതത്തിന്റെ റിയാലിറ്റി വരച്ചു കാണിക്കുന്ന സെക്കന്റ് ഹാഫും മാത്രമല്ല ചിത്രത്തിൽ ഉള്ളത്. അധ്യാപകർ വിദ്യാർത്ഥികളിലുണ്ടാക്കുന്ന മാനസിക പീഡനം, വിദ്യാർത്ഥികൾ മയക്കുമരുന്നിലേക്കെത്തിപ്പെടാനുള്ള കാരണങ്ങൾ, സിബ്ലിങ് ലൗ തുടങ്ങിയവയൊക്കെ ചിത്രം വിശദമായി തന്നെ പറഞ്ഞ് പോകുന്നുണ്ട്. അതേസമയം ചിത്രത്തിന്റെ മൂന്നാം ഭാഗം പ്രഖ്യാപിച്ചിട്ടുണ്ട്. ബയോപിക് ഓഫ് എ ബില്യണ്‍ ഗേള്‍സ് എന്നാണ് മൂന്നാം ഭാഗത്തിന്റെ ടാഗ് ലൈൻ. വിശ്വന് ശ്രീജിത്ത് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
