സ്പൈസ് ജെറ്റിന് ഡിജിസിഎയുടെ ഏഴ് ദിവസത്തെ നോട്ടീസ്; വിമാന സർവീസുകളിലെ വീഴ്ചകളും നിയമലംഘനങ്ങളും ചൂണ്ടിക്കാട്ടി

ന്യൂഡൽഹി: വിമാന സർവീസുകളിലെ തുടർച്ചയായ കാലതാമസം, റദ്ദാക്കലുകൾ, പ്രവർത്തനപരമായ വീഴ്ചകൾ എന്നിവയുടെ പേരിൽ സ്പൈസ് ജെറ്റിന് ഏഴ് ദിവസത്തെ കാരണം കാണിക്കൽ നോട്ടീസ് നൽകി വ്യോമയാന നിയന്ത്രണ ഏജൻസിയായ ഡിജിസിഎ. നവംബർ 17-ന് നൽകിയ നോട്ടീസിൽ എട്ട് വീഴ്ചകളാണ് പ്രധാനമായും ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഏഴ് ദിവസത്തിനകം വിശദീകരണം നൽകണമെന്നാണ് നിർദേശം.

വിമാനങ്ങളുടെ കൃത്യസമയ സർവീസ് കുറഞ്ഞത്, അംഗീകരിച്ച സമയക്രമം പാലിക്കാത്തത്, യാത്രക്കാർക്ക് നേരിടേണ്ടിവരുന്ന ബുദ്ധിമുട്ടുകൾ, സർവീസുകൾ റദ്ദാക്കുന്നതും വൈകുന്നതും തുടങ്ങിയ വിഷയങ്ങളിൽ ഡിജിസിഎ വിശദീകരണം തേടിയിട്ടുണ്ട്. വിമാനങ്ങളുടെ ഭൂരിഭാഗവും നിലത്താണെന്നും അവ വീണ്ടും സർവീസിന് സജ്ജമാക്കാനുള്ള വിശ്വസനീയമായ പദ്ധതി കമ്പനി സമർപ്പിച്ചിട്ടില്ലെന്നും നോട്ടീസിൽ പറയുന്നു.

നിർബന്ധിത ഇൻഷുറൻസ് പരിരക്ഷ പുതുക്കുന്നതിലെ അനിശ്ചിതത്വം, സേവനദാതാക്കൾക്ക് പണം വൈകി നൽകുന്നതുമായി ബന്ധപ്പെട്ട് വിദേശ വ്യോമയാന അധികൃതർ ഉന്നയിച്ച ആശങ്കകൾ എന്നിവയും ഡിജിസിഎ ചൂണ്ടിക്കാട്ടി. നേരത്തെ ചുമത്തിയ പിഴ ആവർത്തിച്ചുള്ള ഓർമ്മപ്പെടുത്തലുകൾക്കു ശേഷവും അടയ്ക്കാത്തതിലും വിശദീകരണം തേടിയിട്ടുണ്ട്.

അന്താരാഷ്ട്ര സർവീസുകൾ നടത്തുന്നതിനുള്ള യോഗ്യതാ വ്യവസ്ഥകൾ പാലിക്കാത്തതും റൂട്ട് ഡിസ്പേഴ്സൽ മാർഗനിർദേശങ്ങൾ ആവർത്തിച്ച് ലംഘിച്ചതും നോട്ടീസിൽ പരാമർശിക്കുന്നുണ്ട്. ഈ വർഷം മേയിൽ ഇതുമായി ബന്ധപ്പെട്ട് പിഴയും നടപടികളും നേരിട്ടിരുന്നു.

സാമ്പത്തിക പ്രതിസന്ധിയും പ്രവർത്തനപ്രശ്നങ്ങളും നേരിടുന്ന സ്പൈസ് ജെറ്റിന്റെ ആഭ്യന്തര വിപണി വിഹിതം ഓഗസ്റ്റിലെ 1.2 ശതമാനത്തിൽ നിന്ന് സെപ്റ്റംബറിൽ 0.6 ശതമാനമായി കുറഞ്ഞിരുന്നു. ഇതിനിടെ സാമ്പത്തിക നില മെച്ചപ്പെടുത്തുന്നതിനും പ്രവർത്തനങ്ങൾ പുനഃക്രമീകരിക്കുന്നതിനുമായി 5,500 കോടി രൂപ വരെ സമാഹരിക്കാനുള്ള നിർദേശത്തിന് കമ്പനിയുടെ ഡയറക്ടർ ബോർഡ് അംഗീകാരം നൽകിയിട്ടുണ്ട്.

ഡിജിസിഎയുടെ നോട്ടീസിൽ സ്പൈസ് ജെറ്റിന്റെ ഭാഗത്തുനിന്ന് ഉടൻ പ്രതികരണമുണ്ടായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *