മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് തന്നെ ഉണ്ടാകുമെന്ന് സൂചന

തിരുവനന്തപുരം: മുഖ്യമന്ത്രി ചർച്ചകൾ അന്തിമ ഘട്ടത്തിലേക്ക്. പ്രഖ്യാപനം ഇന്ന് തന്നെ ഉണ്ടായേക്കുമെന്നാണ് വിവരം. കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന നേതാക്കളുടെയും കെപിസിസി ഭാരവാഹികളുടെയും അഭിപ്രായം രാഹുല്‍ ഗാന്ധി ഇന്നലെ കേട്ടിരുന്നു. അതുകൊണ്ട് രാഹുല്‍ ഗാന്ധി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗയുമായി ചര്‍ച്ച നടത്തി അന്തിമ തീരുമാനത്തിലേക്ക് എത്തിയാല്‍ ഇന്നുതന്നെ പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് സൂചന. ചര്‍ച്ചകള്‍ക്കായി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ ബംഗളൂരുവില്‍ നിന്ന് കഴിഞ്ഞദിവസം ഡൽഹിയിലെത്തുകയും, കേരളത്തില്‍ നിന്നും വിളിപ്പിച്ച നേതാക്കളുമായി രാഹുല്‍ ഗാന്ധി കഴിഞ്ഞദിവസം കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.

രാഹുല്‍ഗാന്ധി മല്ലികാര്‍ജുന്‍ ഖര്‍ഗെ ചര്‍ച്ചകള്‍ക്ക് ശേഷം സോണിയ ഗാന്ധിയുടെ അഭിപ്രായം കൂടി തേടി ഇന്നുതന്നെ പ്രഖ്യാപനം ഉണ്ടായേക്കും. അതേസമയം, സംസ്ഥാനത്തെ ജനവികാരം അവഗണിക്കരുതെന്ന് ചില നേതാക്കള്‍ രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കെ സി വേണുഗോപാല്‍, വി ഡി സതീശന്‍, രമേശ് ചെന്നിത്തല എന്നീ നേതാക്കളെ കേന്ദ്രീകരിച്ചു തന്നെയാണ് അവസാനവട്ട ചര്‍ച്ചകള്‍. ചര്‍ച്ചകളില്‍ കെസി വേണുഗോപാലിന്റെ പേരിനാണ് മുൻതൂക്കമെന്നാണ് വിവരം. കൂടിക്കാഴ്ച തൃപ്തികരമെന്നും എഐസിസിക്ക് മുന്നില്‍ നിലപാട് അറിയിച്ചെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം മുതിര്‍ന്ന നേതാക്കള്‍ മാധ്യമങ്ങളോട് ഇന്നലെ പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *