വിജയ്ക്ക് ആശ്വാസം; ഡിഎംകെ-എഐഎഡിഎംകെ സഖ്യ സർക്കാർ നീക്കം ഉപേക്ഷിച്ചേക്കും

ചെന്നൈ: അണ്ണാഡിഎംകെയും ഡിഎംകെയും തമ്മിൽ കൈകോർത്ത് ഭരിക്കാമെന്ന നീക്കത്തിൽ പുനരാലോചന. ഡിഎംകെ – എഐഎഡിഎംകെ സഖ്യമുണ്ടാകുമെന്ന അഭ്യൂഹങ്ങൾ തള്ളി ഡിഎംകെ നേതാവ് ടി. കെ. എസ് ഇളങ്കോവൻ രംഗത്തെത്തിയതോടെ തമിഴ്‌നാട് രാഷ്ട്രീയത്തിൽ നാടകീയ നീക്കങ്ങൾ തുടരുകയാണ്. ഇരു പാർട്ടികളും ബദ്ധശത്രുക്കളാണെന്നും ഒന്നിച്ചുപോകാൻ കഴിയില്ലെന്നുമാണ് ഇളങ്കോവൻ ഇപ്പോൾ വ്യക്തമാക്കുന്നത്. അണ്ണാഡിഎംകെ പിന്തുണയോടെ സഖ്യസർക്കാർ രൂപീകരിക്കാനുള്ള ഡിഎംകെ നീക്കം കോൺഗ്രസ് ആക്രമണത്തിന് മുന്നിലാണ് പതറിയത്. സ്റ്റാലിന് ബിജെപി ബന്ധമെന്നതടക്കമുള്ള കോൺഗ്രസ് ആരോപണം ഡിഎംകെ ക്യാമ്പിനെ ഒന്നാകെ പ്രതിരോധത്തിലാക്കി. ഇതോടെയാണ് സഖ്യ നീക്കത്തിൽ നിന്ന് ഡിഎംകെ പിന്മാറിയതെന്നാണ് സൂചന.

വിജയിയുടെ ടിവികെ പാർട്ടിക്ക് ഇത് വലിയ ആശ്വാസമാണ്. അതിനിടെ ഇടതുപാർട്ടികൾ വിജയിയെ പിന്തുണച്ചേക്കുമെന്ന വാർത്തകളും പുറത്തുവരുന്നുണ്ട്. വിജയ് തമിഴ്നാട് മുഖ്യമന്ത്രി ആകുമെന്നും ഇടതുപാർട്ടികളും വിസികെയും പിന്തുണയ്ക്കുമെന്ന പ്രതീക്ഷയിലാണ് ടിവികെ. എന്നാൽ കാര്യങ്ങൾ അത്ര എളുപ്പമല്ല. ഇതിനിടെ വിജയ്ക്ക് ഭൂരിപക്ഷമില്ലെന്ന് ഗവർണർ വാർത്താക്കുറിപ്പ് ഇറക്കിയതും വെല്ലുവിളിയാണ്. വിജയ്ക്ക് ഭൂരിപക്ഷം തെളിയിക്കാനായില്ലെങ്കിൽ ഡിഎംകെ പിന്തുണയോടെ എഐഎഡിഎംകെ സർക്കാരിനുള്ള ചർച്ചകളും സജീവമാണ്.

അതേസമയം ടിവികെയ്ക്ക് കേവല ഭൂരിപക്ഷമില്ലെന്നും 118 എംഎൽഎമാരുടെ പിന്തുണയില്ലാതെ സ്ഥിരതയുള്ള സർക്കാർ എങ്ങനെ സാധ്യമാകുമെന്നുമാണ് രാജേന്ദ്ര അർലേക്കർ ചോദിക്കുന്നത്. സിപിഎം, സിപിഐ, മുസ്ലീം ലീഗ്, വിസികെ പാർട്ടികളുടെ പിന്തുണ പ്രതീക്ഷിക്കുകയാണ് ടിവികെ സംഘം. 2 എംഎൽഎമാരുള്ള 4 പാർട്ടികൾക്കും മന്ത്രിസ്ഥാനവും എൻഡിഎ കക്ഷികളുമായി ബന്ധപ്പെടില്ലെന്ന ഉറപ്പും നേതാക്കൾ മുന്നോട്ട് വെച്ചിട്ടുണ്ട്. ഇന്നത്തെ നേതൃയോഗത്തിൽ തീരുമാനം പറയാമെന്ന മറുപടിയിൽ പ്രതീക്ഷ വെച്ചിരിക്കുകയാണ് ടിവികെ.

Leave a Reply

Your email address will not be published. Required fields are marked *