ശബരിമല യുവതീ പ്രവേശന കേസ്: വിശാല ബെഞ്ചിന്റെ വിധി ക്രിസ്മസ് അവധിക്ക് മുമ്പ്; സൂചന നൽകി ജസ്റ്റിസ് ബി.വി. നാഗരത്ന

ഡൽഹി: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികളിൽ സുപ്രീംകോടതിയുടെ വിശാല ബെഞ്ച് ക്രിസ്മസ് അവധിക്ക് മുമ്പ് വിധി പ്രസ്താവിക്കുമെന്ന് സൂചന. ബെഞ്ചിലെ അംഗമായ ജസ്റ്റിസ് ബി.വി. നാഗരത്നയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ക്നാനായ കത്തോലിക്കാ സഭയുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെയായിരുന്നു പരാമർശം.

ശബരിമലയിലെ യുവതീ പ്രവേശനത്തെ ചോദ്യം ചെയ്യുന്ന നിരീക്ഷണങ്ങൾ നേരത്തെയും ജസ്റ്റിസ് നാഗരത്ന നടത്തിയിരുന്നു. വർഷങ്ങളായി ലക്ഷക്കണക്കിന് വിശ്വാസികൾ ആചരിച്ചുപോരുന്ന ആചാരങ്ങൾ തെറ്റാണെന്ന് കോടതിക്ക് എങ്ങനെ പറയാനാകുമെന്ന ചോദ്യം ചീഫ് ജസ്റ്റിസും വാദത്തിനിടെ ഉയർത്തിയിരുന്നു.

അതിനിടെ, ശബരിമലയിൽ ട്രാൻസ്‌ജെൻഡർ വിഭാഗക്കാർക്ക് തടസ്സമില്ലാതെ ദർശനം അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. ട്രാൻസ്‌ജെൻഡറായ അനുശ്രീയാണ് ഹർജി നൽകിയത്. ദേവസ്വം ബോർഡിന് നിർദേശം നൽകണമെന്നായിരുന്നു ആവശ്യം.

ഈ വർഷം താനടക്കം 15 പേർക്ക് ശബരിമലയിൽ പ്രവേശനം നിഷേധിച്ചെന്നായിരുന്നു അനുശ്രീയുടെ ഹർജിയിലെ ആരോപണം. എന്നാൽ, വ്യക്തിപരമായി ഉണ്ടായ പ്രശ്നം ചൂണ്ടിക്കാട്ടിയുള്ള ഹർജി എങ്ങനെ പൊതുതാൽപര്യ ഹർജിയായി പരിഗണിക്കാനാകുമെന്ന് കോടതി ചോദിച്ചു. മദ്രാസ് ഹൈക്കോടതിയുടെ പരിധിയിൽ ഈ ആവശ്യം എങ്ങനെ നിലനിൽക്കുമെന്ന സംശയവും കോടതി ഉന്നയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *