റിയാദ്: സൗദി അറേബ്യയുടെ മിക്ക പ്രവിശ്യകളിലും ഞായറാഴ്ച വരെ മഴക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം. പൊടിക്കാറ്റ്, ആലിപ്പഴ വർഷം, മിന്നൽ പ്രളയം എന്നിവയും ഉണ്ടായേക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
റിയാദ് പ്രവിശ്യയിലും ഗവർണറേറ്റുകളിലും മിതമായതോ കനത്തതോ ആയ മഴ ലഭിച്ചേക്കുമെന്നാണ് കാലാവസ്ഥാ റിപ്പോർട്ടിൽ പറയുന്നത്. വെള്ളിയാഴ്ച മുതൽ ഞായറാഴ്ച വരെ നേരിയതോ മിതമായതോ ആയ മഴയാണ് പ്രതീക്ഷിക്കുന്നത്. വാദി ദവാസിർ, സുലൈയിൽ ഗവർണറേറ്റുകളിലും മിതമായതോ കനത്തതോ ആയ മഴ പ്രതീക്ഷിക്കുന്നു.
മക്ക പ്രവിശ്യയിലെ ചില ഭാഗങ്ങളിൽ, പ്രത്യേകിച്ച് ത്വാഇഫ്, മെയ്സാൻ, അദ്ഹം, അർദിയത്ത്, തുറാബ, മാവിയ, ഖുർമ, റനിയ്യ എന്നീ ഗവർണറേറ്റുകളിലും മഴ ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ട്. അടുത്ത വെള്ളിയാഴ്ച വരെ മഴ തുടർന്നേക്കും.
വടക്കൻ അതിർത്തികൾ, അൽജൗഫ്, തബൂക്ക്, മദീന, ഹാഇൽ, ഖസീം പ്രവിശ്യകളിലും മഴ പെയ്‌തേക്കും. മിതമായതോ കനത്തതോ ആയ മഴ ലഭിക്കും. അൽ-ബഹ പ്രവിശ്യയിലും അവിടുത്തെ മിക്ക ഗവർണറേറ്റുകളിലും ഞായറാഴ്ച വരെ മിതമായ മഴ തുടരും. അബഹ, ഖമീസ് മുഷൈത്, അഹദ് റുഫൈദ, സറത് അബീദ, ദഹ്റാൻ അൽ ജനൂബ്, ഹർജ, ബീഷ, നമാസ്, തനൂമ, രിജാൽ അൽമ, ബാരിഖ്, മഹായിൽ അസീർ, മജാരിദ, ബൽഖർൻ, ഫർഷ എന്നിങ്ങനെ അസീർ പ്രവിശ്യയിലും മഴ പ്രതീക്ഷിക്കാം.
റൈത്ത്, ഹറൂബ്, ദാഇർ, അയ്ദാബി, ഫൈഫ, അർദ, ഹാർത്ത് എന്നിവയുൾപ്പെടെയുള്ള ജിസാൻ പ്രവിശ്യയിലും മഴ ഉണ്ടായേക്കും. ഹഫറൽ-ബാത്തിൻ, ഖഫ്ജി എന്നിവയുൾപ്പെടെ കിഴക്കൻ പ്രവിശ്യയിലേക്കും മഴ വ്യാപിക്കും. ഞായറാഴ്ച വരെ മിതമായതോ കനത്തതോ ആയ മഴ പ്രതീക്ഷിക്കാം.
