കോഴിക്കോട്: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് നീക്കം സിപിഐഎമ്മിനെയോ ഇടതുപക്ഷത്തെയോ ബാധിക്കുന്നില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി. പി രാമകൃഷ്ണന്‍. പ്രതിപക്ഷ നേതാവ് പിണറായി വിജയനെ ഉന്നം വെച്ച് സിപിഐഎമ്മിനെ തകര്‍ക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ‘സിപിഐഎമ്മിനെയോ എല്‍ഡിഎഫിനെയോ ഇ ഡി തീരുമാനം ബാധിക്കുന്നില്ല. പിണറായി വിജയനെ പുകമറയില്‍ നിര്‍ത്തുന്നതിന് എത്രകാലമായി ശ്രമിക്കുകയാണ്.
പിണറായി വിജയന്‍ എന്ന വ്യക്തിയല്ല പ്രശ്‌നം. പിണറായി വിജയനിലൂടെ സിപിഐഎമ്മിനെ തകര്‍ക്കലാണ്. ആ ലക്ഷ്യം വെച്ചാണ് പിണറായി വിജയനെ ലക്ഷ്യം വെച്ചുള്ള വേട്ടയാടല്‍ ആരംഭിച്ചതെന്നും ടി പി രാമകൃഷ്ണന്‍ പറഞ്ഞു. പിണറായി വിജയന്‍ സിപിഐഎം സംസ്ഥാന സെക്രട്ടറിയായി കേരളത്തിലെ പാര്‍ട്ടിയെ കരുത്തുറ്റ നേതൃത്വമായി പ്രവര്‍ത്തിക്കുന്നു. ആ സ്ഥിതി വന്നപ്പോഴാണ് പിണറായിയെ ഉന്നംവെച്ച് ഇടതുപക്ഷത്തെ തകര്‍ക്കാമെന്ന് ചിലരെല്ലാം ധരിച്ചത്.
വീണയ്‌ക്കെതിരായ പരാതിയാണെങ്കില്‍ പിന്നെയെന്തിനാണ് പിണറായി വിജയന്റെ വീട് ഇ ഡി റെയ്ഡ് ചെയ്തത് എന്നും ടി പി രാമകൃഷ്ണന്‍ ചോദിച്ചു. കേന്ദ്ര ഏജന്‍സികളുടെ നീക്കത്തില്‍ കോണ്‍ഗ്രസിന്റെ നിലപാട് എന്താണെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ചോദിച്ചു. ഇതെല്ലാം നടത്തിയിട്ടും പിണറായിക്കെതിരെ കേസെടുക്കാന്‍ ഇ ഡിക്ക് കഴിഞ്ഞോ? സംസ്ഥാനത്ത് ആഭ്യന്തര വകുപ്പും വിജിലന്‍സും അന്വേഷിച്ച് ആ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കണമെന്നാണ് ഇ ഡി നിര്‍ദേശം. അതിന് ഇ ഡി വേണോയെന്നും ടി പി രാമകൃഷ്ണന്‍ ചോദിച്ചു.
