തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ ബിജെപി ഭരണത്തെ രൂക്ഷമായി വിമര്‍ശിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. നഗരസഭയിലെ ഭരണം ദുസ്സഹമാണെന്നും മൂക്ക് പൊത്താതെ നഗരത്തിലൂടെ നടക്കാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു. മാലിന്യ നീക്കം ഫോട്ടോ ഷൂട്ടായി മാറിയെന്നും നഗരത്തിലെ തെരുവ് വിളക്കുകൾ കത്തുന്നില്ലെന്നും മന്ത്രി വിമര്‍ശിച്ചു. കുടിവെള്ള പ്രശ്നത്തിന് നഗരസഭക്ക് ഉത്തരവാദിത്തം ഇല്ലെന്ന് മേയർ പറയുന്നത് പരിഹാസ്യമാണ്. നഗരസഭ ഭരണത്തിനെതിരെ പ്രക്ഷോഭം ഉയർന്ന് വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം ടി. പി സെൻകുമാറിനും ആർ. ശ്രീലേഖക്കുമെതിരെയും മന്ത്രി വി.ശിവൻകുട്ടി വിമര്‍ശനം ഉന്നയിച്ചു. പോടാ പുല്ലേ പൊലീസേ എന്ന മുദ്രാവാക്യത്തിന് മുൻകൂർ പ്രാബല്യം ഉണ്ടോ എന്നും മന്ത്രി ചോദിച്ചു. സർവീസിൽ ഇരിക്കെ ഇവർ എടുത്ത നടപടികൾ പുനഃപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തിൽ സൂര്യാഘാതം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാൽ രാവിലെ 11 മണി മുതല്‍ വൈകിട്ട് 3 മണിവരെ ജോലി ഒഴിവാക്കണമെന്ന സർക്കുലർ ഇറക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. എന്നാൽ പല തൊഴിൽ ഉടമകളും ഇത് പാലിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
