ഇടുക്കിയിൽ 10 അടി വെള്ളം കുറവ്

മൂലമറ്റം : പൊരിയുന്ന വേനലിനൊപ്പം മൂലമറ്റം നിലയത്തിൽ വൈദ്യുതോദ്പാദനം ഗണ്യമായി വർധിച്ചു. ഇതോടെ ആശങ്കയുയർത്തി ഇടുക്കി അണക്കെട്ടിൽ ജലനിരപ്പും കുറയുന്നതായാണ് റിപ്പോർട്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 10 അടി വെള്ളം കുറവാണ് അണക്കെട്ടിൽ. അതേസമയം വൈദ്യുതോത്പാദനം എട്ടുമുതൽ 10 മില്യൺ യൂണിറ്റെന്ന ശരാശരി ഉത്പാദനത്തിൽ തുടരുന്നു. വൈദ്യുതിനിലയത്തിലെ ആറ് ജനറേറ്ററുകളും പീക്ക് ടൈമിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ജനറേഷൻ വിഭാഗം വ്യക്തമാക്കിയിട്ടുണ്ട്. തിങ്കളാഴ്ച 10.119 ദശലക്ഷം യൂണിറ്റ് വൈദ്യുതിയും ചൊവ്വാഴ്ച 8.55 ദശലക്ഷം യൂണിറ്റുമാണ് മൂലമറ്റം നിലയത്തിൽ ഉത്പാദിപ്പിച്ചത്.

നേരത്തേ പിക്ക് ടൈം എന്നു പറയുന്നത് ആറുമണി മുതൽ 11 മണിവരെയായിരുന്നു. എന്നാൽ, ഇടുക്കി ജലാശയം ഇപ്പോഴത് പുലർച്ചെവരെ നീളുകയാണ്. കൊടും ചൂടുകാരണം എയർകണ്ടീഷനുകളുടെയും ഫാനുകളുടെയുമെല്ലാം വർധിച്ച ഉപയോഗമാണ് ഇതിന് കാരണമെന്ന് വൈദ്യുതിബോർഡിന്റെ വിശദീകരണം. ബുധനാഴ്ച രാവിലത്തെ കണക്കനുസരിച്ച് 2335.81 അടിവെള്ളമാണ് അണക്കെട്ടിലുള്ളത്. കഴിഞ്ഞവർഷം ഇതേദിവസം 2345.52 അടിയായിരുന്നു ജലനിരപ്പ്. സംഭരണശേഷിയുടെ 34 ശതമാനം വെള്ളമാണ് ഇപ്പോൾ അണക്കെട്ടിലുള്ളത്. കഴിഞ്ഞ വർഷം ഇതേസമയം, 42 ശതമാനം വെള്ളം അവശേഷിച്ചിരുന്നു. 2403 അടിയാണ് ഇടുക്കി അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി. അതിനിടെ വൈദ്യുതോപയോഗം കുറയ്ക്കണമെന്ന് ചൂണ്ടിക്കാട്ടി ബോർഡ് അറിയിപ്പ് പുറത്തിറക്കി. വേനൽ കടുത്തതു മൂലം രാത്രിയിൽ എയർകണ്ടീഷൻ ഉപയോഗം ക്രമാതീതമായി വർധിച്ചതായി അറിയിപ്പിൽ പറയുന്നു. ഇലക്ട്രിക് വാഹന ചാർജിങ്, ഇൻഡക്ഷൻ കുക്കർ, എയർ ഫ്രയർ, ഓവൻ എന്നിവയുടെ ഉപയോഗവും വർധിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *