രാജിക്ക് കാരണം ടിനി ടോം: നടനെതിരെ പ്രതികരിച്ച് അൻസിബ ഹസൻ

കൊച്ചി: നടന്‍ ടിനി ടോമിനെതിരെ ആഞ്ഞടിച്ച് അന്‍സിബ ഹസന്‍. അമ്മയില്‍ നിന്ന് രാജിവെച്ചതിനുള്ള കാരണങ്ങള്‍ വെളിപ്പെടുത്തുകയായിരുന്നു അന്‍സിബ. എതിരില്ലാതെ ജോയിന്റ് സെക്രട്ടറിയായി വന്നത് മുതല്‍ തനിക്ക് എതിരെ ആരോപണങ്ങള്‍ തുടങ്ങിയതാണെന്ന് അന്‍സിബ പറഞ്ഞു. ഒരു കമ്മിറ്റി ആകുമ്പോള്‍ എല്ലാവര്‍ക്കും അഭിപ്രായങ്ങള്‍ ഒന്നാകില്ലെന്നും അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകുമ്പോള്‍ അത് വ്യക്തിപരമായി എടുക്കുന്നുവെന്നും അന്‍സിബ പറഞ്ഞു.

‘എന്നെ കുറിച്ച് അവിഹിത കഥകള്‍ പ്രചരിപ്പിക്കുന്നു. ഇതൊന്നും എന്നോടല്ല, മറ്റ് പലരോടും പറഞ്ഞ് എന്റെ ചെവിയിലെത്തും. അത് ഞാന്‍ സഹിച്ചു. ഒരു പെണ്ണിനെ മോശക്കാരിയാക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമാണിത്. ഒരു പെണ്ണിനെ തകര്‍ക്കാന്‍ എളുപ്പം അവിഹിതമാണല്ലോ. അത് പോട്ടെന്ന് വെച്ചു. ഞാന്‍ അദ്ദേഹത്തിന്റെ ഡ്രൈവറെ ഉള്‍പ്പെടെ ഇസ്‌ലാമിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ ശ്രമിച്ചെന്ന് ആരോപിച്ചു. ഇത്രയൊക്കെ പറയുന്ന ആളുടെ കൂടെ എങ്ങനെ ജോലി ചെയ്യും. അറപ്പ് തോന്നും’, അന്‍സിബ പറഞ്ഞു.

ടിനി ടോം ഇത്തരത്തില്‍ ഇല്ലാക്കഥകള്‍ പ്രചരിപ്പിക്കുന്നുവെന്ന് നീന കുറുപ്പ് തന്നോട് പറഞ്ഞെന്ന് അന്‍സിബ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഈ ആരോപണങ്ങള്‍ ടിനി ടോമിനോട് ചോദിച്ചില്ലെന്നും അതിന് എങ്ങനെ സാധിക്കുമെന്നും അവര്‍ ചോദിച്ചു. ഇത്രയും നാളായി കാണുന്ന ഒരാള്‍ പലതും പറഞ്ഞ് കൊണ്ടിരിക്കുന്നു. ഇപ്പോഴും അത് ആലോചിക്കുമ്പോള്‍ വിഷമമുണ്ടെന്ന് വൈകാരികമായി അന്‍സിബ പറഞ്ഞു.

‘കുടുംബ സംഗമം നടക്കുന്നതിൻ്റെ തലേന്ന് നീന കുറുപ്പ് ചേച്ചിയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. ആ സമയത്ത് ഞാന്‍ അവിടെയുണ്ടായില്ല. മറ്റുള്ളവര്‍ പറഞ്ഞാണ് ഞാന്‍ ഇക്കാര്യം അറിഞ്ഞത്. ചെറിയ കാര്യങ്ങള്‍ക്കാണ് ബഹളമുണ്ടാക്കുകയും അനാവശ്യ വാക്കുകള്‍ പറയുകയും ചെയ്യുന്നു’, അന്‍സിബ ഹസന്‍ പറഞ്ഞു. നീന കുറുപ്പ് അമ്മ പ്രസിഡന്റിനും സെക്രട്ടറിക്കും പരാതി നല്‍കിയിട്ടുണ്ടെന്നും ടിനി ടോം വിളിച്ച അസഭ്യ വാക്കുകളും ഉള്‍പ്പെടുത്തിയാണ് പരാതി നല്‍കിയതെന്നും അന്‍സിബ ഹസന്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *