തൃണമൂൽ കോൺ​ഗ്രസ് ഉടൻ തകരുമെന്ന് ടിഎംസി എംപി സുഖേന്ദു

കൊൽക്കത്ത: നിയമസഭ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ തൃണമൂൽ കോൺഗ്രസിൽ പൊട്ടിത്തെറിയും കൊഴിഞ്ഞുപോക്കും തുടരുകയാണ്. തെരഞ്ഞെടുപ്പ് പരാജയം പാർട്ടി പ്രവർത്തകരെ കടുത്ത വിമർശകരാക്കി മാറ്റി. ഇപ്പോഴിതാ അത്തരത്തിലൊരു വിമർശനം നടത്തിയിരിക്കുകയാണ് ടിഎംസിയുടെ രാജ്യസഭാ എംപി സുഖേന്ദു ശേഖ‍ർ റോയ്. തൃണമൂൽ കോൺഗ്രസ് ഏതാനും ദിവസങ്ങൾക്കുള്ളിൽ തകരുമെന്ന് പ്രവചിച്ചിരിക്കുകയാണ് അദ്ദേഹം. ദേശീയ രാഷ്ട്രീയത്തിൽ പോലും പാർട്ടിയുടെ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്നും. ഇപ്പോൾ ഒരു പാർട്ടിയും തൃണമൂലുമായി കൈകോർക്കില്ലെന്നും സുഖേന്ദു വ്യക്തമാക്കി.

ആർ‌ജികർ ആശുപത്രിയിൽ യുവ ഡോക്ടർ ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവം കൈകാര്യം ചെയ്ത രീതി തെറ്റായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ആർ‌ജി കർ വിഷയവും തുടർന്നുള്ള പ്രതിഷേധങ്ങളും ജനങ്ങളുടെ വികാരം പാർട്ടിക്കെതിരാണെന്നതിന്റെ ആദ്യ സൂചന നൽകിയതായും പാർട്ടി അത് മനസ്സിലാക്കുന്നതിൽ പരാജയപ്പെട്ടുവെന്നും സുഖേന്ദു കൂട്ടിച്ചേർത്തു. പാർട്ടി നേതാക്കൾ നടത്തിയ അഴിമതിയുടെ കൊടുമുടി ചിന്തിക്കുന്നതിലും അപ്പുറമാണ്. അത് നിയന്ത്രിക്കുന്നതിൽ മമത ബാനർജി പരാജയപ്പെട്ടുവെന്നും സുഖേന്ദു കുറ്റപ്പെടുത്തി. ഹിന്ദു മതത്തെക്കുറിച്ചുള്ള പരാമർശങ്ങളിലൂടെ മമത ബാനർജി ആളുകളെ അകറ്റിനിർത്തിയെന്നും സുഖേന്ദു കൂട്ടിച്ചേർത്തു.

തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിൻ്റെ സംഘടനയായ ഐ-പിഎസിയെയും സുഖേന്ദു പ്രതിക്കൂട്ടിൽ നിർത്തിയിട്ടുണ്ട്. ‘പാർട്ടിയുടെ പ്രചാരണത്തിന് ഐ-പിഎസിനെ നിയോഗിച്ചത് പാർട്ടി നമ്പർ രണ്ടാമനായ തൃണമൂലിന്റെ രാജ്യസഭാ എംപി അഭിഷേക് ബാനർജിയാണ്. പാർട്ടിയിലെ അദ്ദേഹത്തിന്റെ ഉയർച്ചയെ പലരും എതിർത്തിരുന്നു. 2018 ൽ ഐ-പിഎസി നിയമിച്ചപ്പോൾ പാർട്ടിയുടെ പഴയ തലമുറയിൽ നിന്ന് വലിയ എതിർപ്പുണ്ടായിരുന്നു, എന്നാൽ 2021 ൽ പാർട്ടിയുടെ വൻ വിജയം വിമർശകരെ നിശബ്ദരാക്കി. എന്നിരുന്നാലും, ഇത്തവണ അഭിപ്രായങ്ങൾ വളരെ രൂക്ഷമാണ്. പാർട്ടിയെ നശിപ്പിക്കാൻ ഐ-പിഎസിന് ചുവപ്പു പരവതാനി നൽകി’ എന്നും സുഖേന്ദു വിമർശിച്ചു.’അഹങ്കാരം മുതൽ അഴിമതി വരെ നിരവധി ആരോപണങ്ങൾ ഐ-പിഎസിക്കെതിരെ ഉയർന്നിട്ടുണ്ട്. മമത ബാനർജിയെ അപ്രാപ്യമാക്കിയത് ഐപിഎസി ആണെന്ന് പല നേതാക്കളും പറഞ്ഞു. ഐപിഎസി പാർട്ടി സ്ഥാനങ്ങൾ പണത്തിന് വിൽക്കുന്നുണ്ടെന്നും ആരോപണങ്ങൾ ഉയർന്നിട്ടുണ്ടെന്നും സുഖേന്ദു ചൂണ്ടിക്കാണിച്ചു.

Leave a Reply

Your email address will not be published. Required fields are marked *