ശ്വേത മേനോനെതിരെ ഗുരുതര ആരോപണവുമായി നടിമാർ

കൊച്ചി: താരസംഘടന അമ്മയുടെ പ്രസിഡന്റ് ശ്വേത മേനോനെതിരെ ഗുരുതര ആരോപണവുമായി സംഘടനയിലെ ഒരു വിഭാഗം നടിമാർ. നടിമാരായ ഉഷ ഹസീന, അന്‍സിബ, മാലാ പാര്‍വതി, മായാ വിശ്വനാഥ് എന്നിവരാണ് സംയുക്ത വാര്‍ത്താസമ്മേളനം നടത്തി ആരോപണങ്ങൾ ഉന്നയിച്ചത്. സ്ത്രീകള്‍ നേതൃനിരയില്‍ വരാന്‍ പോരാടിയവരാണ് തങ്ങളെന്ന് ഉഷ ഹസീന പറഞ്ഞു. തങ്ങള്‍ നാല് പേരും വ്യക്തിഹത്യയ്ക്ക് വിധേയരായി. നേതൃത്വത്തില്‍ കുറുക്കുവഴിയിലൂടെ എത്തിയ ആളാണ് ശ്വേതാ മേനോന്‍.അവരെ പക്ഷേ എല്ലാവരും അംഗീകരിച്ചു. നേതൃനിരയില്‍ അധികാരമോഹവും ഈഗോക്ലാഷുമാണെന്നും ഉഷ ഹസീന പറഞ്ഞു.

നടി അൻസിബ ഹസനെ വർഗീയവാദിയും ജിഹാദിയുമാക്കി ഓടിക്കാനുള്ള ശ്രമമാണ് ‘അമ്മ’യിൽ നടന്നതെന്ന് നടി മാലാ പാർവതി ആരോപിച്ചു.
സാമ്പത്തിക ക്രമക്കേടിന്റെ പേരിലാണ് ശ്വേതയുടെ നേതൃത്വത്തിലുള്ള ഭരണസമിതി താഴെ വീണതെന്ന് അൻസിബ പറഞ്ഞു. മോഹന്‍ലാല്‍ പ്രസിഡന്റായ കമ്മിറ്റി അഡ്‌ഹോക് കമ്മിറ്റിയായി പ്രവര്‍ത്തിച്ചുവെന്നും ജനറല്‍ ബോഡി ചേരാനുള്ള പ്രതിസന്ധി പരിഗണിച്ചാണ് അന്ന് അങ്ങനെ തീരുമാനിച്ചതെന്നും അന്‍സിബയും പറഞ്ഞു. കമ്മിറ്റി സാമ്പത്തിക ആരോപണം നേരിട്ടിരുന്നില്ല.

സാമ്പത്തിക ആരോപണം നേരിടുന്നവരെ എങ്ങനെ തുടരാന്‍ അനുവദിക്കുമെന്നും അന്‍സിബ ചോദിച്ചു. രമേഷ് പിഷാരടിയും ശ്വേതയും തമ്മിലുള്ള സംഭാഷണം പുറത്തുവിട്ടതിലും ഉഷ പ്രതികരിച്ചു. സ്വകാര്യ സംഭാഷണം പുറത്തുവിട്ടത് ക്രൈമാണ്. ശ്വേത പറയുന്ന പല ഭാഗങ്ങളും മ്യൂട്ട് ചെയ്താണ് പുറത്തുവിട്ടതെന്നും ഉഷ പറഞ്ഞു. അദാനി ഗ്രൂപ്പിൽനിന്ന് ‘അമ്മ’ സംഘടനയ്ക്ക് 15 കോടി സംഭാവനയായി ലഭിക്കുമെന്ന് ബിജെപി നേതാവ് പദ്മജ മേനോൻ ഒരു അഭിമുഖത്തിൽ പറയുന്നതിന്റെ വീഡിയോയും വാർത്താസമ്മേളനത്തിൽ മാലാ പാർവതി പ്രദർശിപ്പിച്ചു. ഒരു മൾട്ടി നാഷണൽ കമ്പനിയിൽ നിന്നും തങ്ങൾക്ക് 15 കോടി രൂപ വേണ്ടെന്ന് മാലാ പാർവതി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *