റിയാദ്: സിംഗിൾ, മൾട്ടിപ്പിൾ സന്ദർശന വിസകൾ ദീർഘിപ്പിക്കുന്നതിനുള്ള സേവനങ്ങൾ അബ്ഷിർ പ്ലാറ്റ്ഫോമിൽ ലഭ്യമാക്കിയതായി സൗദി പാസ്പോർട്ട് ജനറൽ ഡയറക്ടറേറ്റ് അറിയിച്ചു. പൗരന്മാർക്കും പ്രവാസികൾക്കും ജവാസത് ഓഫീസുകൾ നേരിട്ട് സന്ദർശിക്കാതെ തന്നെ നടപടികൾ എളുപ്പത്തിൽ പൂർത്തിയാക്കാൻ ഇതിലൂടെ സാധിക്കും.
വിസയുടെ സ്പോൺസറുടെ അബ്ഷിർ അക്കൗണ്ട് വഴിയാണ് ഈ സേവനം പ്രയോജനപ്പെടുത്തേണ്ടതെന്ന് ജവാസത് ‘എക്സ്’ പ്ലാറ്റ്ഫോം വഴി വ്യക്തമാക്കുന്നു. ഇതിനായി സന്ദർശകെൻറ പേരിൽ അടക്കാത്ത ട്രാഫിക് പിഴവുകൾ ഉണ്ടാകരുത്, കൃത്യമായ കാലാവധിയുള്ള മെഡിക്കൽ ഇൻഷുറൻസ് ഉണ്ടായിരിക്കണം, വിസ ദീർഘിപ്പിക്കുന്നതിനുള്ള ഫീസ് അടച്ചിരിക്കണം, കൂടാതെ പാസ്പോർട്ടിന് പ്രാബല്യം ഉണ്ടായിരിക്കണം എന്നിവയാണ് പ്രധാന നിബന്ധനകൾ. അപേക്ഷ സമർപ്പിക്കുന്ന സമയത്ത് സന്ദർശകൻ സൗദി അറേബ്യയ്ക്കുള്ളിൽ ഉണ്ടായിരിക്കണം.
വിസയുടെ കാലാവധി അവസാനിക്കാൻ ഏഴ് ദിവസമോ അതിൽ കുറവോ ബാക്കിയുള്ളപ്പോഴോ, അല്ലെങ്കിൽ വിസ കാലാവധി കഴിഞ്ഞ് മൂന്ന് ദിവസത്തിനുള്ളിലോ (വിസ അവസാനിച്ച ദിവസവും ഉൾപ്പെടെ) മാത്രമേ നീട്ടാനുള്ള അപേക്ഷ സമർപ്പിക്കാൻ കഴിയൂ. അബ്ഷിർ പ്ലാറ്റ്ഫോമിൽ പ്രവേശിച്ച് ‘മൈ സർവീസസ്’ എന്ന വിഭാഗത്തിൽനിന്ന് ‘പാസ്പോർട്ട്’ തിരഞ്ഞെടുത്ത്, അതിലെ ‘വിസിറ്റേഴ്സ് സർവീസസ്’ വഴിയാണ് ഇതിനായുള്ള നടപടികൾ പൂർത്തിയാക്കേണ്ടതെന്നും ജവാസത് കൂട്ടിച്ചേർത്തു.
