കൊച്ചി: സിഎംആർഎൽ എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുൻ മന്ത്രി മുഹമ്മദ് റിയാസിനും തിരിച്ചടി. ഇരുവർക്കുമെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവിട്ടു. ഇഡി കത്തിൽ കേസ് വൈകുന്നതിന് എതിരെ പൊതുപ്രവർത്തകൻ കെ. എം ഷാജഹാൻ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് എ. ബദറുദ്ദീന്റെ ബെഞ്ചിൻ്റെ വിധി.
ഇ ഡി കത്ത് പരിഗണിച്ച് എഫ്ഐആർ നേരിട്ട് രജിസ്റ്റർ ചെയ്യാമെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നത്.
ഇ ഡി നൽകിയ കത്തിൽ പ്രാഥമിക അന്വേഷണം നടത്തിയതിന് ശേഷം എഫ്ഐആർ എന്നതായിരുന്നു സംസ്ഥാന സർക്കാരിൻ്റെ നിലപാട്. എന്നാൽ സംസ്ഥാന സർക്കാരിൻ്റെ വാദം തള്ളിയാണ് പ്രാഥമിക അന്വേഷണം ആവശ്യമില്ലെന്നും നേരിട്ട് എഫ്ഐആർ ഇടാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നത്. ഇഡി കത്തിൻ്റെ അടിസ്ഥാനത്തിൽ നേരിട്ട് എഫ്ഐആർ രജിസ്റ്റർ ചെയ്യാമെന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് സംസ്ഥാന സർക്കാരിനും തിരിച്ചടിയാണ്. ഇഡി നടത്തിയത് പ്രാഥമിക അന്വേഷണമാണെന്നും അതിൻ്റെ റിപ്പോർട്ട് നിലനിൽക്കുമ്പോൾ സംസ്ഥാന പൊലീസ് മറ്റൊരു പ്രാഥമിക അന്വേഷണം നടത്തേണ്ടതില്ല എന്നായിരുന്നു ഹൈക്കോടതിയിൽ ഇഡി വാദം.
നേരിട്ട് എഫ്ഐആർ രജിസ്റ്റർ ചെയ്യുകയാണ് വേണ്ടതെന്നും ഇ ഡി കോടതിയിൽ വാദിച്ചു. ഇഡിയുടെ ഈ വാദം ശരിവെച്ചാണ് ഇഡി കത്തിൻ്റെ അടിസ്ഥാനത്തിൽ നേരിട്ട് എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടത്. മാസപ്പടി കേസിൽ പിണറായിക്കും റിയാസിനുമെതിരെ കേസെടുക്കാൻ കോടതി നിർദേശിച്ചതോടെ സർക്കാരും സിപിഎമ്മും പ്രതിരോധത്തിലായിരിക്കുകയാണ്. ഇഡി കണ്ടെത്തിയ തെളിവുകളിൽ നേരിട്ട് കേസെടുത്താൽ വൻ ഡീൽ ആരോപണം കോൺഗ്രസിനെതിരെ വരും എന്ന വിലയിരുത്തൽ നിലവിലുണ്ട്.



