കൊച്ചി: നെടുമ്പാശേരി വാഹനാപകടക്കേസിലെ പ്രതി മദ്യപിച്ച മൂന്ന് ബാറുകളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. ദയ ബാർ കടവന്ത്ര, മൺസൂൺ എംപ്രസ് പാലാരിവട്ടം, ഹോട്ടൽ മാരിയറ്റ് നെടുമ്പാശേരി എന്നിവയുടെ ലൈസൻസുകളാണ് സസ്പെൻഡ് ചെയ്തത്. എക്സൈസ് കമ്മീഷണർ സാംബശിവറാവു ഇതുസംബന്ധിച്ച് ഉത്തരവിറക്കി.
അപകടമുണ്ടാക്കിയ കാർ ഓടിച്ച സുഹൈൽ സജീവ് ഉൾപ്പെടെ നാല് പ്രതികളെയും പൊലീസ് കസ്റ്റഡിയിൽ വിട്ടു. നാളെ വൈകീട്ട് അഞ്ചുവരെ കസ്റ്റഡിയിൽ തുടരാനാണ് അങ്കമാലി കോടതി അനുമതി നൽകിയത്. കേസിന്റെ അന്വേഷണത്തിനായി ആലുവ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെയും രൂപീകരിച്ചു. അപകടത്തിൽപ്പെട്ട കാറിൽ സാങ്കേതിക പരിശോധനയും നടത്തി.
പൊലീസ് കസ്റ്റഡി ആവശ്യമില്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ഗൂഢാലോചനയില്ലാത്ത വാഹനാപകടക്കേസിൽ പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതിന്റെ ആവശ്യമെന്താണെന്നും പ്രതിഭാഗം ചോദിച്ചു. അപകടത്തിൽപ്പെട്ട ബൈക്കിൽ അമിതമായി ആളുകളുണ്ടായിരുന്നുവെന്നും മൂന്നുപേരും ഹെൽമറ്റ് ധരിച്ചിരുന്നില്ലെന്നും ഇത് മരണത്തിന് കാരണമായിട്ടുണ്ടാകാമെന്നും പ്രതിഭാഗം വാദിച്ചു.
എന്നാൽ, മദ്യപിച്ച് വാഹനമോടിക്കുന്നതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ബോധ്യമുള്ള പ്രായപൂർത്തിയായ പ്രതികളെ വിശദമായി ചോദ്യം ചെയ്യുന്നതിനും തെളിവുകൾ ശേഖരിക്കുന്നതിനും പൊലീസ് കസ്റ്റഡി അനിവാര്യമാണെന്ന് പ്രോസിക്യൂഷൻ വാദിച്ചു. ഇരു വിഭാഗങ്ങളുടെയും വാദം കേട്ട ശേഷമാണ് കോടതി കസ്റ്റഡി അനുവദിച്ചത്.
കസ്റ്റഡി കാലയളവിൽ തെളിവെടുപ്പ് ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. പ്രതികളുടെ ജാമ്യാപേക്ഷ അങ്കമാലി കോടതി നാളെ പരിഗണിക്കും. ജാമ്യാപേക്ഷയെ എതിർക്കുമെന്ന് മരിച്ച വിദ്യാർഥിയുടെ കുടുംബത്തിനുവേണ്ടി ഹാജരാകുന്ന അഭിഭാഷകൻ അഡ്വ. സെയ്ൻ ഷബീർ അറിയിച്ചു.



