ടാറ്റ ഗ്രൂപ്പിൽ വീണ്ടും അധികാരപ്പോര്; എൻ. ചന്ദ്രശേഖരന്റെ പുനർനിയമനത്തിനെതിരെ ടാറ്റ ട്രസ്റ്റുകൾ ബോംബെ ഹൈക്കോടതിയിൽ

മുംബൈ: ടാറ്റ ഗ്രൂപ്പിലെ ആഭ്യന്തര തർക്കം നിയമപോരാട്ടത്തിലേക്ക്. ടാറ്റ സൺസിന്റെ എക്സിക്യൂട്ടീവ് ചെയർമാനായി എൻ. ചന്ദ്രശേഖരനെ വീണ്ടും നിയമിച്ചതിനെ ചോദ്യം ചെയ്ത് ടാറ്റ ട്രസ്റ്റുകൾ ബോംബെ ഹൈക്കോടതിയെ സമീപിച്ചു. സർ ദൊറാബ്ജി ടാറ്റ ട്രസ്റ്റും ആർ.ഡി. ടാറ്റ ട്രസ്റ്റുമാണ് ടാറ്റ സൺസിനും ആറ് ഡയറക്ടർമാർക്കുമെതിരെ നിയമനടപടിയുമായി രംഗത്തെത്തിയത്.

ചന്ദ്രശേഖരന് അഞ്ച് വർഷത്തേക്ക് കൂടി ചെയർമാനായി തുടരാൻ സെപ്റ്റംബർ 17-ന് ചേർന്ന ടാറ്റ സൺസ് ബോർഡ് യോഗത്തിലാണ് തീരുമാനമെടുത്തത്. എന്നാൽ, കമ്പനിയുടെ ആർട്ടിക്കിൾസ് ഓഫ് അസോസിയേഷനിലെ ആർട്ടിക്കിൾ 121 പ്രകാരമുള്ള നിർബന്ധിത വോട്ടിങ് നടപടിക്രമങ്ങൾ പാലിച്ചില്ലെന്നാണ് ട്രസ്റ്റുകളുടെ ആരോപണം.

ബോർഡ് യോഗത്തിൽ ടാറ്റ ട്രസ്റ്റുകളുടെ നോമിനി ഡയറക്ടർമാരായ നോയൽ ടാറ്റയും വേണു ശ്രീനിവാസനും ഭിന്ന നിലപാടുകളാണ് സ്വീകരിച്ചത്. നോയൽ ടാറ്റ പുനർനിയമനത്തെ എതിർത്തപ്പോൾ വേണു ശ്രീനിവാസൻ അനുകൂലിച്ചു. തുടർന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച ഹരീഷ് മൻവാനി കാസ്റ്റിങ് വോട്ട് ഉപയോഗിച്ച് പുനർനിയമനത്തിന് അംഗീകാരം നൽകുകയായിരുന്നു.

എന്നാൽ, ട്രസ്റ്റുകൾ നാമനിർദേശം ചെയ്ത ഡയറക്ടർമാരിൽ ഭൂരിപക്ഷത്തിന്റെ അനുകൂല വോട്ട് നിർബന്ധമാണെന്നും ചെയർമാന്റെ കാസ്റ്റിങ് വോട്ടിലൂടെ ഈ വ്യവസ്ഥ മറികടക്കാനാകില്ലെന്നുമാണ് ട്രസ്റ്റുകളുടെ വാദം. സെപ്റ്റംബർ 17-ലെ തീരുമാനം അസാധുവായി പ്രഖ്യാപിക്കണമെന്നും പുനർനിയമനവുമായി ബന്ധപ്പെട്ട് തുടർനടപടികൾ സ്വീകരിക്കുന്നത് തടയണമെന്നുമാണ് ആവശ്യം.

നഷ്ടപരിഹാരമായി ആകെ 65 കോടി രൂപയും 18 ശതമാനം വാർഷിക പലിശയും ആവശ്യപ്പെടാനാണ് ട്രസ്റ്റുകളുടെ നീക്കം. സർ ദൊറാബ്ജി ടാറ്റ ട്രസ്റ്റ് 50 കോടി രൂപയും ആർ.ഡി. ടാറ്റ ട്രസ്റ്റ് 15 കോടി രൂപയുമാണ് ആവശ്യപ്പെടുന്നത്.

നവംബർ 30-ന് ചേരാനിരിക്കുന്ന ടാറ്റ സൺസ് ബോർഡ് യോഗത്തിന് മുന്നോടിയായാണ് നിയമനീക്കം. കമ്പനിയെ വീണ്ടും പബ്ലിക് ലിമിറ്റഡാക്കി മാറ്റുന്നതും ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട നിർണായക വിഷയങ്ങൾ യോഗത്തിൽ പരിഗണിക്കാനിരിക്കെയാണ് തർക്കം കോടതിയിലെത്തുന്നത്. ചന്ദ്രശേഖരന്റെ നിലവിലെ കാലാവധി 2027 ഫെബ്രുവരി 20-ന് അവസാനിക്കും. പുതിയ തീരുമാനം അംഗീകരിക്കപ്പെട്ടാൽ അഞ്ച് വർഷം കൂടി അദ്ദേഹം ചെയർമാനായി തുടരും.

ടാറ്റ സൺസിന്റെ 66 ശതമാനം ഓഹരികളും ടാറ്റ ട്രസ്റ്റുകളുടെ നിയന്ത്രണത്തിലാണ്. അതിനാൽ തന്നെ ബോർഡിലെ വോട്ടിങ് അവകാശങ്ങളെച്ചൊല്ലിയുള്ള ഈ തർക്കം ടാറ്റ ഗ്രൂപ്പിന്റെ ഭാവി തീരുമാനങ്ങളെയും ഭരണസംവിധാനത്തെയും ബാധിക്കുമെന്ന വിലയിരുത്തലുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *