ന്യൂഡൽഹി: ഉയർന്ന അളവിൽ പഞ്ചസാരയും ഉപ്പും കൊഴുപ്പും അടങ്ങിയ പാക്കറ്റ് ഭക്ഷണങ്ങളിൽ ചുവപ്പ് നിറത്തിലുള്ള മുന്നറിയിപ്പ് ലേബൽ നിർബന്ധമാക്കാൻ സുപ്രീംകോടതി നിർദേശം. ഉപഭോക്താക്കൾക്ക് ഭക്ഷണത്തിന്റെ ആരോഗ്യപ്രശ്നങ്ങൾ എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയുന്ന രീതിയിലായിരിക്കണം ലേബലുകളെന്ന് കോടതി വ്യക്തമാക്കി.
ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ചാണ് കേന്ദ്രസർക്കാരിനും ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയ്ക്കും (FSSAI) നിർദേശം നൽകിയത്.
പഞ്ചസാര, കൊഴുപ്പ്, ഉപ്പ് എന്നിവയിൽ ഏതെങ്കിലും ഒന്നിന്റെ അളവ് നിശ്ചിത പരിധി കടന്നാൽ പാക്കറ്റിന്റെ മുൻവശത്ത് പ്രത്യേക ചുവന്ന ഷഡ്ഭുജാകൃതിയിലുള്ള മുന്നറിയിപ്പ് നൽകണം. ഓരോ പോഷകഘടകത്തിനും പ്രത്യേകം ലേബൽ വേണം. ‘HIGH SUGAR’, ‘HIGH FAT’, ‘HIGH SALT’ എന്നിങ്ങനെ രേഖപ്പെടുത്തുന്നതിനൊപ്പം അതത് ഘടകങ്ങളെ സൂചിപ്പിക്കുന്ന ചിത്രവും ഉൾപ്പെടുത്തണം.
ഓരോ മുന്നറിയിപ്പ് ചിഹ്നവും പാക്കറ്റിന്റെ മുൻവശത്തെ പ്രധാന പ്രദർശന ഭാഗത്തിന്റെ കുറഞ്ഞത് നാല് മുതൽ അഞ്ച് ശതമാനം വരെ വലുപ്പത്തിലായിരിക്കണമെന്നും കോടതി നിർദേശിച്ചു.
ലേബലിൽ പരിഗണിക്കേണ്ടത് ആകെ പഞ്ചസാരയുടെയും സാച്ചുറേറ്റഡ് കൊഴുപ്പിന്റെയും അളവായിരിക്കണം. ചേർത്ത പഞ്ചസാരയും കൊഴുപ്പും മാത്രം കണക്കാക്കുന്ന രീതി മതിയാകില്ലെന്നും കോടതി വ്യക്തമാക്കി. മുന്നറിയിപ്പ് പരിധികൾ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ പുനഃപരിശോധിക്കാനും നിർദേശമുണ്ട്.
പുതിയ ചട്ടങ്ങളുടെ കരട് തയ്യാറാക്കി അന്തിമമാക്കാൻ എഫ്എസ്എസ്എഐക്ക് നാല് മാസത്തെ സമയമാണ് കോടതി അനുവദിച്ചത്. ചട്ടങ്ങൾ വിജ്ഞാപനം ചെയ്തശേഷം നടപ്പാക്കാൻ ഭക്ഷ്യനിർമാതാക്കൾക്ക് 365 ദിവസത്തെ സമയവും ലഭിക്കും.
സ്കൂൾ പാഠ്യപദ്ധതിയിൽ പോഷകാഹാര ബോധവൽക്കരണം ഉൾപ്പെടുത്തണമെന്നും കുട്ടികൾക്ക് പ്രായോഗിക പരിശീലനം നൽകണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.
