ന്യൂഡൽഹി: മണ്ഡല പുനർനിർണയ ബിൽ പാർലമെന്റിൽ പരിഗണിക്കുന്നതിന് രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ ശുപാർശ. ഭരണഘടനയുടെ ആർട്ടിക്കിൾ 117(3) പ്രകാരം മണ്ഡല പുനർനിർണയ (രണ്ടാം) ബിൽ, 2026 ലോക്സഭ പരിഗണിക്കണമെന്നാണ് രാഷ്ട്രപതി ശുപാർശ ചെയ്തത്. നവംബർ 30ന് ആരംഭിക്കുന്ന പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന് മുന്നോടിയായാണ് നടപടി.
കേന്ദ്രസർക്കാരിന്റെ പുതിയ മണ്ഡല പുനർനിർണയ നീക്കത്തിന് ഇതോടെ പാർലമെന്ററി നടപടികളിലേക്ക് കടക്കാനുള്ള നിർണായക ഘട്ടം കൂടി പിന്നിട്ടിരിക്കുകയാണ്. ലോക്സഭയിലെയും സംസ്ഥാന നിയമസഭകളിലെയും അംഗസംഖ്യ 50 ശതമാനം വർധിപ്പിക്കാനുള്ള നിർദേശങ്ങളാണ് പുതിയ ബില്ലുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ലോക്സഭയുടെ പരമാവധി അംഗസംഖ്യ 543ൽ നിന്ന് 850 ആയി ഉയർത്താനും സംസ്ഥാന നിയമസഭകളിലെ അംഗങ്ങളുടെ പരമാവധി എണ്ണം 500ൽ നിന്ന് 650 ആക്കാനുമാണ് നിർദേശം.
വനിതാ സംവരണം 2029ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ തന്നെ നടപ്പാക്കുന്നതിനുള്ള വഴിയൊരുക്കുക എന്നതും ബില്ലുകളുടെ പ്രധാന ലക്ഷ്യമാണ്. ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും 33 ശതമാനം സീറ്റുകൾ സ്ത്രീകൾക്കായി സംവരണം ചെയ്യാനാണ് നിർദേശം. ഇതിനായി മണ്ഡല പുനർനിർണയ നടപടികൾ വേഗത്തിലാക്കാനും കേന്ദ്രം ലക്ഷ്യമിടുന്നു.
അതേസമയം, ജനസംഖ്യാ നിയന്ത്രണത്തിൽ മുന്നിലുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പാർലമെന്റിലെ പ്രാതിനിധ്യം കുറയുമെന്ന ആശങ്ക പരിഹരിക്കാനും പുതിയ ഫോർമുല മുന്നോട്ടുവച്ചിട്ടുണ്ട്. ഓരോ സംസ്ഥാനത്തിന്റെയും നിലവിലുള്ള ലോക്സഭാ സീറ്റുകളുടെ എണ്ണത്തിൽ 50 ശതമാനം വർധന ഉറപ്പാക്കാനും സംസ്ഥാനങ്ങൾ തമ്മിലുള്ള സീറ്റ് അനുപാതം 2051 വരെ നിലനിർത്താനുമാണ് നിർദേശം. മണ്ഡലങ്ങളുടെ അതിർത്തി പുനർനിർണയത്തിന് 2011ലെ സെൻസസ് കണക്കുകൾ ഉപയോഗിക്കാനാണ് നീക്കം.
എന്നാൽ ബില്ലിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. മണ്ഡല പുനർനിർണയവും വനിതാ സംവരണവും തമ്മിൽ ബന്ധിപ്പിക്കുന്നതിനെക്കുറിച്ചും പുതിയ ഭരണഘടനാ ഭേദഗതികളെക്കുറിച്ചും പ്രതിപക്ഷ പാർട്ടികൾ ആശങ്കകൾ ഉന്നയിക്കുന്നു. ബില്ലുകൾക്ക് ഭരണഘടനാ ഭേദഗതിക്ക് ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കേണ്ടതുണ്ട്. നവംബർ 30ന് ലോക്സഭയിലും ഡിസംബർ 2ന് രാജ്യസഭയിലും പ്രത്യേക സമ്മേളനം നടക്കും. ഡിസംബർ 3 വരെ സമ്മേളനം തുടരാനാണ് നിലവിലെ തീരുമാനം.
.
