കൽപ്പറ്റ: വയനാട് ദുരന്തത്തെ കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും രാഷ്ട്രീയ ലാഭത്തിനായി ചൂഷണം ചെയ്യുകയാണെന്ന് സിപിഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ്. ദുരന്തത്തിന്റെ പേര് പറഞ്ഞ് കോടികള്‍ കോണ്‍ഗ്രസ് പിരിച്ചെടുത്തു. എന്നാല്‍ ഒരു വീടുപോലും നിര്‍മ്മിച്ച് നല്‍കിയില്ല. പിരിച്ചെടുത്ത കോടിക്കണക്കിന് രൂപ എവിടെ പോയെന്ന് കോണ്‍ഗ്രസ് പറയണമെന്നും ജില്ലാ സെക്രട്ടറി ആവശ്യപ്പെട്ടു. ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ട ശ്രുതി എന്ന പെണ്‍കുട്ടിയെ പോലും രാഷ്ട്രീയ മുതലെടുപ്പിനായി എംഎല്‍എ ടി. സിദ്ദിഖ് ഉപയോഗിച്ചുവെന്നും റഫീഖ് കുറ്റപ്പെടുത്തി.
ശ്രുതിക്ക് 120 ദിവസത്തിനുള്ളില്‍ വീട് നല്‍കുമെന്ന് സിദ്ദിഖ് പ്രഖ്യാപിച്ചിരുന്നു. ആശുപത്രി കിടക്കയില്‍ നിന്നുള്ള ശ്രുതിയുടെ വീഡിയോ വരെ പങ്കുവച്ചു. സിദ്ധിഖിന്റെ വാഗ്ദാനത്തില്‍ വിശ്വസിച്ച് സര്‍ക്കാരിന്റെ വീട് വേണ്ടെന്ന് ശ്രുതി എഴുതി നല്കി. എന്നാല്‍ മാസം നാല് കഴിഞ്ഞിട്ടും വീട് നല്‍കാത്തതിനെ തുടര്‍ന്ന്, ഇപ്പോള്‍ സര്‍ക്കാരിന്റെ ടൗണ്‍ഷിപ്പില്‍ വീടിനായി ശ്രുതിക്ക് അപേക്ഷ നല്‍കേണ്ടി വന്നുവെന്ന് റഫീഖ് ചൂണ്ടിക്കാട്ടി
ദുരന്തത്തെ ചൂഷണം ചെയ്ത് കോണ്‍ഗ്രസ് നടത്തുന്ന ഇത്തരം നീക്കങ്ങള്‍ രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയാണെന്നും കെ റഫീഖ് ആരോപിച്ചു. ദുരിതബാധിതര്‍ക്ക് വീട് വയ്ക്കാനായി കെപിഎസ്ടിഎ 10 കോടി രൂപ പിരിച്ചുവെന്ന് സിദ്ദിഖിന്റെ സാന്നിധ്യത്തില്‍ പ്രഖ്യാപിച്ചിരുന്നു. 2024 സെപ്റ്റംബറില്‍ 10 ല്‍ നടത്തിയ ഈ അവകാശവാദങ്ങള്‍ കള്ളമാണെന്ന് തെളിഞ്ഞെന്നും റഫീഖ് പറഞ്ഞു.
