ഇംഗ്ലണ്ടിൽ 50 വയസ്സിന് താഴെയുള്ളവരിൽ വിവിധ തരത്തിലുള്ള കാൻസർ കേസുകൾ വർധിക്കുന്നതായി പുതിയ പഠനം. വേൾഡ് കാൻസർ റിസർച്ച് ഫണ്ട് (WCRF) എൻ.എച്ച്.എസ് കണക്കുകൾ അടിസ്ഥാനമാക്കി 2001-ലെയും 2023-ലെയും കാൻസർ നിരക്കുകൾ താരതമ്യം ചെയ്താണ് പഠനം നടത്തിയത്.
പ്രോസ്റ്റേറ്റ്, സ്തനാർബുദം, കുടൽ, വൃക്ക, ഗർഭപാത്രം, കരൾ, പാൻക്രിയാസ് തുടങ്ങിയ കാൻസറുകളിലാണ് യുവാക്കളിൽ വർധന രേഖപ്പെടുത്തിയിരിക്കുന്നത്. 50 വയസ്സിന് താഴെയുള്ള പുരുഷന്മാരിൽ പ്രോസ്റ്റേറ്റ് കാൻസർ നിരക്ക് 2001-ലെ ഒരു ലക്ഷത്തിൽ ഒരാൾ എന്നതിൽ നിന്ന് 2023-ൽ 3.6 ആയി ഉയർന്നു. കുടൽ കാൻസർ നിരക്ക് ഒരു ലക്ഷത്തിൽ 3.9ൽ നിന്ന് 8.4ലേക്കും ഉയർന്നു.
50 വയസ്സിന് താഴെയുള്ള സ്ത്രീകളിൽ സ്തനാർബുദ നിരക്കും ഉയർന്നിട്ടുണ്ട്. വൃക്ക കാൻസർ കേസുകൾ 2001-ലെ 510ൽ നിന്ന് 2023ൽ 1,065 ആയി വർധിച്ചതായും കണക്കുകൾ വ്യക്തമാക്കുന്നു.
യുവാക്കളിൽ കാൻസർ വർധിക്കുന്നതിന് പിന്നിലെ കൃത്യമായ കാരണങ്ങൾ ഇതുവരെ വ്യക്തമായിട്ടില്ല. അമിതവണ്ണം, ഭക്ഷണരീതി, ആന്റിബയോട്ടിക് ഉപയോഗം മൂലമുള്ള കുടൽ മൈക്രോബയോമിലെ മാറ്റങ്ങൾ, വായുമലിനീകരണം തുടങ്ങിയ ഘടകങ്ങൾ സ്വാധീനിച്ചേക്കാമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. മെച്ചപ്പെട്ട പരിശോധനാ സംവിധാനങ്ങളും രോഗനിർണയത്തിലെ വർധനയ്ക്ക് കാരണമാകാമെന്ന് ചൂണ്ടിക്കാട്ടുന്നു.
അതേസമയം, കാൻസർ കേസുകളുടെ ഭൂരിഭാഗവും ഇപ്പോഴും 50 വയസ്സിന് മുകളിലുള്ളവരിലാണ് കണ്ടെത്തുന്നത്. യുവാക്കളിലെ വർധനയുടെ കാരണങ്ങൾ കണ്ടെത്തുന്നതിനും പ്രതിരോധ മാർഗങ്ങൾ ശക്തിപ്പെടുത്തുന്നതിനും കൂടുതൽ ഗവേഷണം ആവശ്യമാണെന്നാണ് വിദഗ്ധരുടെ നിലപാട്.



