ഇടുക്കി: ഇടുക്കി പാംബ്ല ഡാമിന് സമീപമുള്ള ചെക്ക് പോസ്റ്റിനോട് ചേർന്ന പ്രദേശത്ത് നിന്ന് മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. മൃതദേഹം സ്ത്രീയുടേതെന്നാണ് സംശയം. മൃതദേഹം പൂർണ്ണമായും കത്തിക്കരിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. കരിമണൽ പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മറ്റെവിടെയെങ്കിലും വെച്ച് കൊലപ്പെടുത്തിയ ശേഷം ഇവിടെ കൊണ്ടുവന്ന് തെളിവ് നശിപ്പിക്കാനായി തീ കൊളുത്തിയതാണോ, അതോ ആത്മഹത്യയാണോ എന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് വിശദമായി പരിശോധിച്ചു വരികയാണ്.
സമീപ ദിവസങ്ങളിൽ മേഖലയിൽ നിന്നോ സമീപ സ്റ്റേഷൻ പരിധികളിൽ നിന്നോ കാണാതായ ആളുകളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. വിരലടയാള വിദഗ്ധരും ഫോറൻസിക് സംഘവും സ്ഥലത്തെത്തി ശാസ്ത്രീയ തെളിവുകൾ ശേഖരിക്കും. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റും.



