മൊഴികളില്‍ വൈരുധ്യം; വീണയെ ഇഡി വീണ്ടും ചോദ്യം ചെയ്യും

കൊച്ചി: മാസപ്പടി കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ ടി.വീണയുടെ മൊഴികളില്‍ വൈരുധ്യമുള്ളതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. അടുത്തയാഴ്ച്ച വീണയെ വീണ്ടും ഇഡി ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസം പത്ത് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. കൊച്ചിയിലെ ഇഡി ഓഫീസിലായിരുന്നു ചോദ്യം ചെയ്യല്‍. രാവിലെ 11 മണിക്ക് ആരംഭിച്ച ചോദ്യം ചെയ്യല്‍ രാത്രി എട്ട് മണിക്കാണ് അവസാനിച്ചത്. വീണയുടെ എച്ച്ഡിഎഫ്‌സി ബാങ്കിലെ ലോക്കറും ഇഡി തുറന്ന് പരിശോധിച്ചിരുന്നു.

മാസപ്പടി കേസില്‍ തുടരന്വേഷണം ആകാമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനുപിന്നാലെയാണ് ഇഡി വീണയെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചത്. അതേസമയം മാസപ്പടി കേസിലെ കണ്ടെത്തലുകള്‍ കേന്ദ്ര വിജിലന്‍സ് ഏജന്‍സികളുമായി പങ്കുവെക്കുന്നതിനെ കുറിച്ചുള്ള സാധ്യതകളും ഇഡി പരിശോധിച്ചു വരികയാണ്. മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനുള്‍പ്പെടെയുള്ള രാഷ്ട്രീയ പ്രമുഖരിലേക്ക് അന്വേഷണം നീളുന്നുവെന്ന സൂചനകള്‍ക്കിടയിലാണ് പുതിയ നീക്കം. ഇതുവഴി സംശയമുനയിലുള്ള കൂടുതല്‍ പേരെ അന്വേഷണത്തിന്റെ പരിധിയിലേക്ക് കൊണ്ടുവരാനാകുമെന്നാണ് ഇഡിയുടെ വിലയിരുത്തൽ.

വീണയുടെ ഉടമസ്ഥയിലുള്ള എക്സാലോജിക് കമ്പനിയും സിഎംആര്‍എല്‍ എന്ന സ്വകാര്യ കമ്പനിയും തമ്മില്‍ നടത്തിയ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടതാണ് കേസ്. എക്സാലോജിക് നല്‍കിയ ഐടി സേവനങ്ങള്‍ക്കുള്ള പ്രതിഫലമെന്ന നിലയില്‍ 2017 മുതല്‍ 2020 വരെയുള്ള കാലയളവില്‍ സിഎംആര്‍എല്‍ 1.72 കോടി രൂപ നല്‍കിയെന്നും എന്നാല്‍ കമ്പനിക്ക് അത്തരം സേവനങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന ആദായനികുതി തര്‍ക്ക പരിഹാര ബോര്‍ഡിന്റെ കണ്ടെത്തലാണ് അന്വേഷണത്തിന് ആധാരമായത്.

Leave a Reply

Your email address will not be published. Required fields are marked *