തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ കന്നി ബജറ്റിനെതിരെ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ബജറ്റ് അദാനിക്ക് വേണ്ടിയുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു. സമ്പൂർണ സ്വകാര്യവത്കരണത്തിനുള്ള ആമുഖ പ്രസംഗമാണ് മുഖ്യമന്ത്രിയുടെ ബജറ്റ് പ്രഭാഷണം. പൊതുമേഖല സ്ഥാപനങ്ങൾ പൂട്ടുകയും, കോർപ്പറേറ്റുകൾക്ക് സ്വത്ത് നൽകുകയും ചെയ്യുന്നു. നെഹ്റുവിയൻ സോഷ്യലിസ്റ്റ് ആശയം പറയുന്ന സതീശൻ വിപരീത ദിശയിൽ നീങ്ങുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ചാർട്ടേഡ് വിമാനത്തിലെ വി.ഡിയുടെ യാത്ര എല്ലാം വിൽക്കാൻ വേണ്ടിയാണെന്നും എല്ലാം അദാനിക്ക് വേണ്ടിയാണെന്നും എം. വി ഗോവിന്ദൻ വിമർശിച്ചു. സംസ്ഥാനത്തെ ധാതു സംസ്കരണം സ്വകാര്യ കുത്തകകൾക്ക് നൽകാൻ തീരുമാനിക്കുന്നു. ഭൂപരിഷ്കരണം 2.0യിലൂടെ ഭൂമിയില്ലാത്തവർക്ക് ഭൂമി നൽകുകയാണ് വേണ്ടത്, പ്രത്യേകിച്ച് പട്ടിക വർഗക്കാർക്ക് ഭൂമി നൽകുന്നതിനു പകരം കോർപറേറ്റുകൾക്ക് നൽകാനുള്ള ശ്രമമാണ് നടക്കുന്നത്. സ്വകാര്യവത്കരണം മറച്ചുവയ്ക്കുന്നില്ലയെന്ന് പറയുന്ന മുഖ്യമന്ത്രി എല്ലാം വിൽപനയ്ക്ക് വയ്ക്കുന്നു. ഇടതുപക്ഷ ബദൽ തകർക്കാനാണ് ബജറ്റിലെ ശ്രമമെന്നും എം വി ഗോവിന്ദൻ കുറ്റപ്പെടുത്തി.
സർക്കാർ ക്ഷേമ പദ്ധതികളിൽ നിന്ന് പിൻമാറുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പെൻഷൻ കൂട്ടിയിട്ടില്ല, ലൈഫ് മിഷനിൽ നിന്ന് മാറുന്നു. വകുപ്പുണ്ടാക്കിയെങ്കിലും വയോജന ക്ഷേമത്തിന് പണമില്ല, ഉമ്മൻ ചാണ്ടി ഇൻഷുറൻസിന് നീക്കിവച്ചത് 10 കോടി മാത്രം, പദ്ധതിയ്ക്ക് മുദ്രാവാക്യം മാത്രമാണുള്ളതെന്നും, സർക്കാർ ജീവനക്കാരുടെ ശമ്പളപരിഷ്കരണ പ്രതീക്ഷയെയും അട്ടിമറിച്ചുവെന്നും ഇടതുപക്ഷ ബദൽ തകർക്കാനാണ് ബജറ്റിലെ ശ്രമെന്നും ഗോവിന്ദൻ വിമർശിച്ചു. തങ്ങളാണ് ഇടതുപക്ഷമെന്ന് ഇവിടെ സതീശനും അവിടെ രാഹുലും പറയുന്നതിന് ഒരു അടിസ്ഥാനമില്ലെന്നും ഗോവിന്ദൻ പറഞ്ഞു.
