മന്ത്രി ബിന്ദു കൃഷ്ണയ്ക്ക് നേരെ കടുത്ത സൈബര്‍ ആക്രമണം

കൊല്ലം: വെള്ളാപ്പള്ളി നടേശനുമായുള്ള സന്ദർശനത്തിന് പിന്നാലെ വനിത-ശിശുക്ഷേമ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണയ്ക്ക് നേരെ കടുത്ത സൈബര്‍ ആക്രമണം. ഇനി നിയമസഭ പോയിട്ട്, പഞ്ചായത്ത് പോലും കാണില്ല, താങ്കളെ ജയിപ്പിച്ചു മന്ത്രിയാക്കിയത്, വെള്ളാപ്പള്ളിയുടെ തിണ്ണ നിരങ്ങാനല്ലെന്നുമുള്ള കമന്റുകളാണ് ബിന്ദു കൃഷ്ണയുടെ ഫേസ്ബുക്ക് പോസ്റ്റുകളിൽ നിറയുന്നത്. യുഡിഎഫ് – കോണ്‍ഗ്രസ് അനുകൂലികളിൽ നിന്നാണ് മന്ത്രിക്കെതിരെ പ്രധാനമായും സൈബര്‍ ആക്രമണം നടക്കുന്നത്.

വർഗീയ പരാമർശങ്ങൾ നടത്തിയ നേതാവിനെ കാണാൻ പോയത് തെറ്റാണെന്നും മന്ത്രിയിൽ നിന്ന് രാഷ്ട്രീയ മാന്യതകൾ പ്രതീക്ഷിക്കുന്നുവെന്നും യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി വി പി ദുൽഖിഫിൽ പ്രതികരിച്ചു. സമൂഹത്തിൽ വിഭജനം ഉണ്ടാക്കാൻ നോക്കുന്നവരെ അകറ്റി നിർത്താൻ കഴിയണമെന്നും ദുൽഖിഫിൽ കൂട്ടിച്ചേര്‍ത്തു.

അതേസമയം, കള്ളപ്രചാരണങ്ങളിലൂടെ കടന്നാക്രമിക്കാൻ ശ്രമിക്കുന്ന സിപിഎം നീക്കങ്ങൾക്ക് മുന്നിലേക്ക് മന്ത്രി ബിന്ദു കൃഷ്ണയെ ഇട്ടുകൊടുക്കാൻ യൂത്ത് കോൺഗ്രസ് തയ്യാറല്ലെന്നും, ഏത് അറ്റം വരെയും അവരെ പ്രതിരോധിക്കുമെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ. വിഷ്ണു സുനിൽ പ്രതികരിച്ചു. മന്ത്രി ബിന്ദു കൃഷ്ണ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ചതിനെതിരെ നടക്കുന്ന ദുഷ്പ്രചാരണങ്ങളോട് ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തിയായിരുന്നു അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പ്. മാത്രമല്ല, വെള്ളാപ്പള്ളി നടേശന്റെ സമീപകാലത്തെ ചില പ്രസ്താവനകളോട് പ്രസ്ഥാനത്തിന് ശക്തമായ വിയോജിപ്പുണ്ടെന്ന് വിഷ്ണു സുനിൽ ചൂണ്ടിക്കാട്ടി. എന്നാൽ അതുകൊണ്ട് അദ്ദേഹത്തോട് മിണ്ടാനോ കാണാനോ പാടില്ലെന്ന ഏകപക്ഷീയ നിലപാട് കൂടുതൽ അപകടകരമാണ്. ബിന്ദു കൃഷ്ണ വെള്ളാപ്പള്ളി നടേശനെ മാത്രമല്ല സന്ദർശിച്ചത്. എൻഎസ്എസ് ആസ്ഥാനം, കത്തോലിക്കാ സഭകളുടെ ആസ്ഥാനങ്ങൾ, ഇസ്ലാം മത നേതാക്കൾ തുടങ്ങിയവരെയെല്ലാം അവർ സന്ദർശിച്ചിട്ടുണ്ട്. ഇത് പ്രീണനമല്ല, മറിച്ച് എല്ലാവരെയും ചേർത്തുപിടിച്ച് മുന്നോട്ടുപോവുക എന്ന യുഡിഎഫ് നയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *