എ പത്മകുമാറിന് ഇന്ന് നിർണായക ദിനം; സിപിഎം പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കാൻ സാധ്യത

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിയായ മുതിർന്ന സിപിഎം നേതാവ് എ പത്മകുമാറിനെതിരായ നടപടി തീരുമാനിക്കാൻ പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗം ഇന്ന് ചേരും. മുൻ ദേവസ്വം പ്രസിഡന്‍റായ പത്മകുമാറിനെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കുന്നത് അടക്കം കടുത്ത നടപടികൾ ഉണ്ടായേക്കുമെന്നാണ് സൂചന. കേന്ദ്രകമ്മിറ്റി അംഗങ്ങൾ അടക്കം പങ്കെടുക്കുന്ന യോഗം രാവിലെ പത്ത് മണിക്ക് ചേരും. അതേസമയം, നടപടി വന്നാൽ പലതും തുറന്ന് പറയാനുള്ള ഒരുക്കത്തിലാണ് എ പത്മകുമാർ.

തെരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം പത്മകുമാറിനെ സംരക്ഷിക്കുന്ന നേതൃത്വത്തിന്‍റെ നിലപാടിനെതിരെ വലിയ വിമർശനം ഉയർന്നതിന് പിന്നാലെയാണ് തിരുത്ത്. നടപടി ചർച്ച ചെയ്യാൻ പത്തനംതിട്ട ജില്ലാ കമ്മിറ്റിയെയാണ് പാര്‍ട്ടി ചുമതലപ്പെടുത്തിയത്. ഇന്ന് ചേരുന്ന പത്തനംതിട്ട ജില്ലാ കമ്മിറ്റി പത്മകുമാറിനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കാനുള്ള നടപടി എടുക്കാനാണ് സാധ്യത. എന്നാല്‍, കടുത്ത നടപടിയിലേക്ക് പാര്‍ട്ടി കടന്നാല്‍ ഉന്നതരുടെ പങ്കടക്കം പലതും വെളിപ്പെടുത്താനാണ് പത്മകുമാറിന്‍റെ നീക്കം. പാർട്ടി കൈവിടുമ്പോൾ തിരിച്ചടിക്കാണ് പത്മകുമാറിൻ്റെയും നീക്കം. ജാമ്യത്തിലുള്ള പത്മകുമാറിനെ കാണാൻ വീട്ടിലെത്തുന്ന സുഹൃത്തുക്കളോട് പറയുന്നതെല്ലാം പാർട്ടിയെ വെട്ടിലാക്കുന്ന വിവരങ്ങളാണ്.

പത്തനംതിട്ട ജില്ലാ കമ്മിറ്റി രൂപീകരിച്ചത് മുതലുള്ള അംഗമാണ് എ പത്മകുമാർ, സ്വർണ്ണക്കൊള്ള കത്തി നിന്നപ്പോൾ പത്മകുമാറിനെ ചേർത്ത് നിർത്തിയ സിപിഎം നടപടി വലിയ സംശയങ്ങളാണുണ്ടാക്കിയത്. പത്മകുമാർ തന്നെ സൂചിപ്പിച്ച സ്വർണ്ണക്കൊള്ളയിലെ ദൈവതുല്യരുടെ പേര് പുറത്തുവരാതിരിക്കാനുള്ള സംരക്ഷണകവചമെന്നായിരുന്നു ആക്ഷേപം. പാർട്ടിയും പത്മകുമാറും രണ്ട് വഴിക്ക് നീങ്ങുമ്പോൾ ഇനിയുള്ള തുറന്നുപറച്ചിലുകൾക്കും രാഷ്ട്രീയ നീക്കങ്ങൾക്കുമാണ് വലിയ ആകാംക്ഷ.

Leave a Reply

Your email address will not be published. Required fields are marked *