റിയാദിലെ ടവറിന് നേരെയുണ്ടായ ആക്രമണത്തെ ശക്തമായി അപലപിച്ച് ഇന്ത്യ

യെമനിലെ ഹൂതി വിഭാഗം റിയാദിൽ നടത്തിയ ഡ്രോൺ ആക്രമണത്തിൽ രണ്ട് ഇന്ത്യക്കാർ ഉൾപ്പെടെ 11 പേർക്ക് പരിക്കേറ്റതായി സൗദി അറേബ്യ. റിയാദിലെ സാമ്പത്തിക കേന്ദ്രത്തിലെ കെട്ടിടത്തിന് നേരെ ചൊവ്വാഴ്ചയാണ് ആക്രമണമുണ്ടായത്. പരിക്കേറ്റവരിൽ രണ്ട് സൗദി സ്വദേശികളും രണ്ട് ഇന്ത്യക്കാരും മൂന്ന് നേപ്പാൾ സ്വദേശികളും നാല് ഈജിപ്ത് സ്വദേശികളും ഉൾപ്പെടുന്നതായി സിവിൽ ഡിഫൻസ് വക്താവ് വ്യക്തമാക്കി. അമേരിക്ക-ഇറാൻ സംഘർഷത്തിന്റെ തുടർച്ചയായി യെമനിലെ ആഭ്യന്തരയുദ്ധം ജൂലൈയിൽ വീണ്ടും രൂക്ഷമായതിന് പിന്നാലെ, ഹൂതി വിഭാഗം സൗദിയിലെ വിമാനത്താവളങ്ങൾക്കും എണ്ണ കേന്ദ്രങ്ങൾക്കും ഓഫീസ് കെട്ടിടങ്ങൾക്കും നേരെ ആക്രമണങ്ങൾ നടത്തിവരികയാണ്.

ആക്രമണമുണ്ടായ ഉടൻ തന്നെ രക്ഷാപ്രവർത്തകരെത്തി ആവശ്യമായ സുരക്ഷാ നടപടികൾ സ്വീകരിച്ചതായി അധികൃതർ അറിയിച്ചു. സാധാരണക്കാരെയും പൊതുസ്ഥലങ്ങളെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾക്ക് ശക്തമായ തിരിച്ചടി നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടവും സൗദി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന്റെ ആസ്ഥാനവുമായ ടവറിന്റെ ചിത്രം സിവിൽ ഡിഫൻസ് പുറത്തുവിട്ടു. കെട്ടിടത്തിന്റെ മധ്യഭാഗത്തായി കേടുപാടുകൾ സംഭവിച്ച നിലയിലാണ് ചിത്രത്തിലുള്ളത്. ആക്രമണത്തിൽ രണ്ട് ഇന്ത്യക്കാർക്ക് പരിക്കേറ്റ വിവരം അറിഞ്ഞിട്ടുണ്ടെന്നും കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും റിയാദിലെ ഇന്ത്യൻ എംബസി അറിയിച്ചു. പരിക്കേറ്റവർക്കും കുടുംബങ്ങൾക്കും ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്ന് എംബസി വ്യക്തമാക്കി.

ഒരു ആഴ്ചയ്ക്കിടെ റിയാദിലെ സാമ്പത്തിക കേന്ദ്രത്തിന് നേരെയുണ്ടാകുന്ന രണ്ടാമത്തെ ആക്രമണമാണിത്. നേരത്തെ നടന്ന ആക്രമണത്തിൽ ഭൗതിക നാശനഷ്ടങ്ങൾ ഉണ്ടായിരുന്നു. ആക്രമണം നടന്ന കെട്ടിടത്തിന്റെ പേര് സഖ്യസേന ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ടവറിന് നേരെയാണ് ആക്രമണമുണ്ടായതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. പ്രദേശത്തുണ്ടായിരുന്ന കാൽനടയാത്രക്കാർക്ക് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ ഉച്ചഭാഷിണിയിലൂടെ മുന്നറിയിപ്പ് നൽകിയതായും ദൃക്സാക്ഷികൾ വ്യക്തമാക്കി.

യുഎഇ, ഖത്തർ, കുവൈറ്റ്, ലെബനൻ, അമേരിക്ക, പാകിസ്താൻ എന്നീ രാജ്യങ്ങൾ ആക്രമണത്തെ അപലപിച്ചു. സൗദിയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും വേണ്ടിയുള്ള എല്ലാ നടപടികൾക്കും ഒപ്പമുണ്ടെന്ന് യുഎഇ വ്യക്തമാക്കി. സൗദിയുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണ് ആക്രമണമെന്ന് ഖത്തർ പ്രതികരിച്ചു. സാധാരണക്കാരുടെ ജീവനും സാമ്പത്തിക കേന്ദ്രങ്ങൾക്കും നേരെയുള്ള ആവർത്തിച്ചുള്ള ആക്രമണങ്ങൾ വലിയ അപകടമാണെന്ന് കുവൈറ്റ് മുന്നറിയിപ്പ് നൽകി. മേഖലയിലെ സമാധാന ശ്രമങ്ങളെ ഈ ആക്രമണങ്ങൾ ദുർബലപ്പെടുത്തുമെന്ന് പാകിസ്ഥാൻ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *