കോൺഗ്രസിനുള്ളിലെ ആഭ്യന്തര തർക്കം; സണ്ണി ജോസഫിനെ അതൃപ്തി അറിയിച്ച് ദീപദാസ് മുൻഷി

തിരുവനന്തപുരം: കോൺഗ്രസിനുള്ളിലെ ആഭ്യന്തര തർക്കങ്ങളും പരസ്യപ്രസ്താവനകളും രൂക്ഷമായ സാഹചര്യത്തിൽ എഐസിസി ജനറൽ സെക്രട്ടറി ദീപദാസ് മുൻഷി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിനെ നേരിട്ട് കണ്ട് ഹൈക്കമാൻഡിൻ്റെ അതൃപ്തി അറിയിച്ചു. പാർട്ടി നേതാക്കൾക്കിടയിലെ പരസ്യമായ പോരും സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള പരസ്പര കടന്നാക്രമണങ്ങളും രൂക്ഷമായതോടെയാണ് ഹൈക്കമാൻഡ് പ്രതിനിധിയായ ദീപദാസ് മുൻഷി തിരുവനന്തപുരത്തെത്തി സണ്ണി ജോസഫുമായി ചർച്ച നടത്തിയത്.

രാജ്മോഹൻ ഉണ്ണിത്താൻ, ഷാഫി പറമ്പിൽ തുടങ്ങിയ നേതാക്കളുമായി ദീപദാസ് മുൻഷി സംസാരിച്ച ശേഷവും നേതാക്കൾക്കിടയിലെ പരസ്യപ്രതികരണങ്ങൾ തുടർന്നതാണ് എഐസിസിയെ ചൊടിപ്പിച്ചത്. പ്രശ്നപരിഹാരത്തിന്റെ ഭാഗമായി ഇന്ദിരാഭവനിൽ വെച്ച് എഐസിസി സെക്രട്ടറി ജയകുമാർ, ബെന്നി ബഹനാൻ എംപി തുടങ്ങിയവരുമായും ദീപദാസ് മുൻഷി കൂടിക്കാഴ്ച നടത്തി. അതേസമയം, ഷാഫി പറമ്പിൽ വിവാദം തണുപ്പിക്കാനുള്ള നീക്കത്തിലാണ് എ ഗ്രൂപ്പ്. രാജ്‌മോഹൻ ഉണ്ണിത്താനെതിരെ പാർട്ടിയിൽ പരാതി നൽകിയേക്കില്ല. പരാതി നൽകുന്നത് ഉണ്ണിത്താനെ കൂടുതൽ പ്രകോപിപ്പിക്കുമെന്നാണ് വിലയിരുത്തൽ. നേതാക്കൾ പരസ്യപ്രസ്താവന ഒഴിവാക്കാനാണ് സാധ്യത.

Leave a Reply

Your email address will not be published. Required fields are marked *