വിജയ്‌യെ അഭിനന്ദിച്ചും കോൺ​ഗ്രസിനെ വിമർശിച്ചും പ്രധാനമന്ത്രി

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ വിജയ്‌ക്ക് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്ര സർക്കാർ തമിഴ്‌നാടിനൊപ്പം ചേർന്ന് സംസ്ഥാനത്തെ ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനായി പ്രവർത്തിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി. എന്നാൽ, തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) സഖ്യകക്ഷിയായ കോൺഗ്രസ് ‘പരാദജീവി’ ആണെന്നും ‘വിശ്വാസവഞ്ചകർ ആണെന്നും പ്രധാനമന്ത്രി വിമർശിച്ചു. തമിഴ്‌നാട്ടിലെ നിലവിലെ രാഷ്ട്രീയ സാഹചര്യം പരിശോധിക്കാൻ ആവശ്യപ്പെട്ട പ്രധാനമന്ത്രി, കഴിഞ്ഞ 25-30 വർഷമായി കോൺഗ്രസ് ഡിഎംകെയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന കാര്യം ഓർമിപ്പിച്ചു. പ്രതിസന്ധികളിൽ നിന്ന് പലതവണ കോൺഗ്രസിനെ കരകയറ്റിയത് ഡിഎംകെയാണ്. പത്തുവർഷം യുപിഎ സർക്കാർ നിലനിന്നത് തന്നെ ഡിഎംകെയുടെ പിന്തുണയിലാണെന്നും അദ്ദേഹം പറഞ്ഞു.

‘അധികാരത്തോടുള്ള ആർത്തി മൂലം കിട്ടിയ ആദ്യ അവസരത്തിൽ തന്നെ കോൺഗ്രസ് ഡിഎംകെയെ പിന്നിൽ നിന്ന് കുത്തി. രാഷ്ട്രീയ പ്രസക്തി നിലനിർത്താൻ കോൺഗ്രസിന് ഇപ്പോൾ മറ്റൊരു പാർട്ടിയെ കൂടി ആവശ്യമായി വന്നിരിക്കുന്നു. മറ്റൊരാളുടെ പുറത്ത് കയറി സവാരി ചെയ്യാനാണ് അവർ നോക്കുന്നത്.’- പ്രധാനമന്ത്രി എക്സിൽ കുറിച്ചു. .

മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നതിന് സാക്ഷിയാകാൻ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമെത്തിയിരുന്നു. നാല് പതിറ്റാണ്ടിലേറെ നീണ്ടുനിന്ന കോൺഗ്രസ്- ഡിഎംകെ സഖ്യം ഉപേക്ഷിച്ചാണ് തെരഞ്ഞെടുപ്പ് ഫലം വന്നതിന് തൊട്ടുപിന്നാലെ കോൺഗ്രസ് ടിവികെയുമായി സഖ്യം ചേർന്നത്. ഇതിന് കോൺഗ്രസിനെതിരെ ഡിഎംകെ വിമർശനവുമായി രംഗത്ത് വന്നിരുന്നു. കോൺഗ്രസ് പിന്നിൽ നിന്ന് കുത്തിയെന്ന് വരെ കടുത്ത ആരോപണമാണ് ഡിഎംകെ ഉയർത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *