തിരുവനന്തപുരം: യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ പരാതി തള്ളി മുഖ്യമന്ത്രി വി. ഡി സതീശൻ. എല്ലാ തീരുമാനങ്ങളും പാർട്ടി നയങ്ങൾക്കും രീതികൾക്കും അനുസരിച്ചാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഓരോ തീരുമാനങ്ങളും മുതിർന്ന നേതാക്കളുടെ അനുമതിയോടെയാണെന്നും വി ഡി സതീശൻ പ്രതികരിച്ചു. വിഷയത്തില്‍ ആദ്യമായിട്ടാണ് മുഖ്യമന്ത്രി പ്രതികരിക്കുന്നത്. മുഖ്യമന്ത്രിയുടെ പ്രവർത്തന ശൈലിയെ വിമർശിച്ചാണ് അടൂർ പ്രകാശ് മല്ലികാർജുൻ ഖർഗെക്ക് പരാതി നല്‍കിയത്.
പാർട്ടിയെയും മുന്നണിയേയും അവഗണിച്ച് മുഖ്യമന്ത്രി ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുന്നു, മുന്നണി കൺവീനന്നെ നിലയിൽ തന്നെ അവഗണിക്കുന്നു, തീരുമാനങ്ങൾ അറിയുന്നത് മാധ്യമങ്ങളിലൂടെയാണ് തുടങ്ങിയ പരാതികളാണ് പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖർഗയെ നേരിൽ കണ്ട് അടൂർ പ്രകാശ് ധരിപ്പിച്ചത്. മഹിള കോൺഗ്രസ് നേതൃത്വത്തിൻ്റെയും ഘടക കക്ഷികളുടെയും നിലപാടും അടൂർ പ്രകാശ് അറിയിച്ചെന്നാണ് വിവരം. അരമണിക്കൂറോളം നീണ്ട കൂടികാഴ്ചയിൽ ഹൈക്കമാൻഡ് ഇടപെടൽ വേണമെന്ന ശക്തമായ ആവശ്യവും അടൂർ പ്രകാശ് ഉന്നയിച്ചിരുന്നു.
അതേസമയം, സംസ്ഥാന കോൺഗ്രസിലെ പ്രതിസന്ധി പരിഹരിക്കാനുള്ള കൂട്ടായ ചർച്ചയ്ക്ക് ഹൈക്കമാൻഡ് തലത്തിൽ അനിശ്ചിതത്വം തുടരുകയാണ്. മുഖ്യമന്ത്രി വിഡി സതീശനെതിരെ യുഡിഎഫ് കൺവീനർ അടൂർ പ്രകാശിൻ്റെ പരാതിയിൽ തുടർനീക്കത്തിൻ്റെ സൂചന തൽക്കാലമില്ല. രാഹുൽ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഗ്യാനേഷ് കുമാറിനെതിരായ സമര തിരക്കിലായതിനാൽ പ്രശ്ന പരിഹാരത്തിന് സമയമെടുക്കും. സംസ്ഥാന നേതൃത്വത്തെ വേണ്ടിവന്നാൽ വീണ്ടും ഡൽഹിക്ക് വിളിപ്പിച്ചേക്കുമെന്നാണ് വിവരം.


