ദുൽഖർ സൽമാൻ നായകനായി എത്തുന്ന ബിഗ് ബഡ്ജറ്റ് ഫാന്റസി ത്രില്ലർ ഐ ആം ഗെയിമിന്റെ പ്രീ റിലീസ് ഇവന്റും മ്യൂസിക് ലോഞ്ചും ഓഗസ്റ്റ് 29ന് വൈകുന്നേരം 6 മണിക്ക് കാക്കനാട് ഇൻഫോ പാർക്ക് എക്സ്പ്രസ് വേയിലുള്ള കിൻഫ്ര ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ വെച്ച് നടക്കും. മ്യൂസിക് ലോഞ്ച് – പ്രീ റിലീസ് ഇവൻ്റിൽ പ്രേക്ഷകർക്ക് പ്രവേശനം സൗജന്യമാണെങ്കിലും മുൻകൂർ ബുക്കിംഗ് നിർബന്ധമാണ്. സൗജന്യ പാസ് ബുക്ക് മൈ ഷോ വഴി മാത്രം ബുക്ക് ചെയ്യാം. വേദിയിലെ പ്രവേശനത്തിനായി ബുക്ക് മൈ ഷോ ബുക്കിംഗ് കൺഫർമേഷൻ അല്ലെങ്കിൽ QR കോഡ് പരിശോധനയ്ക്കായി ഹാജരാക്കണം. സാധുവായ ബുക്ക് മൈ ഷോ ബുക്കിംഗുള്ളവർക്ക് മാത്രമായിരിക്കും പ്രവേശനം.
ഓരോ പാസും ബുക്ക് മൈ ഷോയിൽ രേഖപ്പെടുത്തിയിരിക്കുന്ന ബുക്കിംഗ് വിവരങ്ങൾക്ക് അനുസരിച്ച് മാത്രമേ സാധുവാകൂ. പാസുകൾ ലഭ്യതയ്ക്കും വേദിയുടെ അനുവദനീയമായ കപ്പാസിറ്റിക്കും വിധേയമായിരിക്കും. സുരക്ഷാ പരിശോധനകളും പ്രവേശന നടപടിക്രമങ്ങളും പൂർത്തിയാക്കാൻ പ്രേക്ഷകർ നേരത്തെ തന്നെ വേദിയിലെത്തണമെന്നും സംഘാടകർ അറിയിച്ചിട്ടുണ്ട്. വേദി അനുവദനീയമായ കപ്പാസിറ്റിയിൽ നിറഞ്ഞാൽ, പ്രവേശനം നിയന്ത്രിക്കാനും പ്രവേശനം അനുവദിക്കുന്നതിൽ അന്തിമ തീരുമാനം എടുക്കാനുമുള്ള അവകാശം സംഘാടകർക്ക് ഉണ്ടായിരിക്കും. ജേക്സ് ബിജോയ്, വേടൻ, അർമാൻ മാലിക് എന്നിവരുൾപ്പെടെയുള്ളവർ പങ്കെടുക്കുന്ന സംഗീത പരിപാടിയും ഇവന്റിന്റെ ഭാഗമായി അരങ്ങേറും. ചിത്രത്തിലെ താരനിരയും അണിയറ പ്രവർത്തകരും ചടങ്ങിൽ പങ്കെടുക്കും.
2026 സെപ്റ്റംബർ 3ന് ചിത്രം ആഗോള തലത്തിൽ റിലീസ് ചെയ്യും. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലായി പാൻ ഇന്ത്യൻ റിലീസായാണ് ചിത്രം എത്തുന്നത്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയ്ലറിനും മികച്ച പ്രതികരണമാണ് ലഭിച്ചത്. അഞ്ച് ഭാഷകളിലായി പുറത്തിറങ്ങിയ ട്രെയ്ലർ പാൻ ഇന്ത്യൻ തലത്തിൽ ശ്രദ്ധ നേടിയിരുന്നു. അമ്പരപ്പിക്കുന്ന ദൃശ്യങ്ങളും കോരിത്തരിപ്പിക്കുന്ന ആക്ഷൻ, ചേസ് രംഗങ്ങളും നിറഞ്ഞ ട്രെയ്ലർ വലിയ തീയേറ്റർ അനുഭവമാണ് ചിത്രം സമ്മാനിക്കാൻ പോകുന്നതെന്ന സൂചനയാണ് നൽകുന്നത്. പ്രേക്ഷകർ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള സ്റ്റൈലിഷ് ഫാന്റസി ത്രില്ലറായിരിക്കും “ഐ ആം ഗെയിം” എന്നാണ് പ്രതീക്ഷ. തെന്നിന്ത്യയിലെ നൂറിലധികം ലൊക്കേഷനുകളിലായി ചിത്രീകരണം പൂർത്തിയാക്കിയ “ഐ ആം ഗെയിം”, ദുൽഖർ സൽമാന്റെ 40-ാമത്തെ ചിത്രമാണ്.
നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിർമ്മാണം വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനും ജോം വർഗീസും ചേർന്നാണ്. സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്ദു എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയത്. സജീർ ബാബ, ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവർ ചേർന്നാണ് സംഭാഷണങ്ങൾ രചിച്ചിരിക്കുന്നത്. സീ മ്യൂസിക്കാണ് ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. ജേക്സ് ബിജോയ് ഈണം നൽകിയ “മഴവില്ലായേ” എന്ന ഗാനം ഇതിനോടകം പുറത്തിറങ്ങി സൂപ്പർഹിറ്റായി മാറിയിട്ടുണ്ട്.



