ന്യൂഡൽഹി: ഭൂചലനം ദുരിതം വിതച്ച വെനസ്വേലയ്ക്ക് സഹായവുമായി ഇന്ത്യ. ഓപ്പറേഷൻ അമിസ്റ്റാഡിന്റെ ഭാഗമായി വ്യോമസേനയുടെ രണ്ട് സി-17 ഗ്ലോബ്മാസ്റ്റർ വിമാനങ്ങൾ വെനസ്വേലയിലേക്ക് പുറപ്പെട്ടു. 35 ടൺ ദുരിതാശ്വാസ സാധനങ്ങളാണ് വിമാനത്തിലുള്ളത്. കരസേനയുടെ ഫീൽഡ് ഹോസ്പിറ്റൽ യൂണിറ്റും ഇന്ത്യൻ സഹായങ്ങളിൽ ഉൾപ്പെടുന്നു. അമിസ്റ്റാഡ് എന്നാൽ സ്പാനിഷിൽ സൗഹൃദം എന്നാണ് അർത്ഥമാക്കുന്നത്. ഈ ദുഷ്‌കരമായ സമയത്ത് വെനസ്വേല സർക്കാരിനെയും ജനങ്ങളെയും പിന്തുണയ്ക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ എക്സ് പോസ്റ്റിൽ പറഞ്ഞു.
വെനസ്വേലയിൽ ഭൂചലനത്തിൽ 188 മരണം സ്ഥിരീകരിച്ചിരുന്നു. 1500ലധികം പേർ പരുക്കേറ്റ് ചികിത്സയിലാണ്. കെട്ടിടാവശിഷ്ടങ്ങളിൽ കുടുങ്ങിയവർക്കായുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്. തുറമുഖ നഗരമായ ലാഗയ്റയിലാണ് കനത്ത നാശനഷ്ടം റിപ്പോർട്ട് ചെയ്തത്. ഇവിടെ 250 ലേറെ കെട്ടിടങ്ങൾ തകർന്നു. ഇരുനൂറിലധികം പേർ കെട്ടിടാവശിഷ്ടങ്ങളിൽ കുടുക്കിക്കിടക്കുന്നതായാണ് വിവരം. കാണാതായ 157 പേർക്കുള്ള തെരച്ചിൽ തുടരുന്നു. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് റിപ്പോർട്ടുകൾ.
നൂറു വർഷത്തിനിടയിൽ ഏറ്റവും കനത്ത ഭൂകമ്പമാണ് വെനസ്വേലയിലുണ്ടായത്. പ്രാദേശിക സമയം വൈകിട്ട് 6.04-നാണ് ആദ്യ ഭൂകമ്പമുണ്ടായത്. 7.2 തീവ്രത രേഖപ്പെടുത്തിയ ആദ്യ ഭൂചലനത്തിന് വെറും 40 സെക്കൻഡുകൾക്ക് ശേഷമാണ് 7.5 തീവ്രത രേഖപ്പെടുത്തിയ അടുത്ത ഭൂകമ്പം ഉണ്ടായത്. സിമോൺ ബോളിവർ അന്താരാഷ്ട്ര വിമാനത്താവളം അടച്ചു. സുനാമി മുന്നറിയിപ്പ് നൽകിയിരുന്നുവെങ്കിലും പിന്നീട് പിൻവലിച്ചു. ആക്ടിങ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.
