അക്ഷയ് കുമാര്‍, സെയ്ഫ് അലി ഖാന് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രിയദര്ശന് ഒരുക്കുന്ന ‘ഹൈവാന്‍’ ട്രെയ്ലര് പുറത്ത്. 2026 സെപ്റ്റംബര്‍ 11 നാണ് ചിത്രം ആഗോള റിലീസായി എത്തുക. ചിത്രത്തിന്റെ തിരക്കഥ രചിച്ചതും പ്രിയദര്ശന് തന്നെയാണ്. കെ വി എന്‍ പ്രൊഡക്ഷന്‍സ്, തെസ്പിയന്‍ ഫിലിംസ് എന്നിവയുടെ ബാനറുകളില്‍ വെങ്കട് കെ നാരായണ, ശൈലജ ദേശായി ഫെന്‍ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.ഗംഭീര ക്രൈം സസ്പെന്‍സ് ത്രില്ലര്‍ ആയാണ് ചിത്രം എത്തുന്നത് എന്ന സൂചനയാണ് ട്രെയ്ലര് സമ്മാനിക്കുന്നത്. സെയ്ഫ് അലി ഖാന് അന്ധനായ നായക കഥാപാത്രമായി എത്തുന്ന ചിത്രത്തില്‍ വില്ലനായി എത്തുന്നത് സൂപ്പര്‍താരം അക്ഷയ് കുമാര്‍ ആണ്.
ത്രസിപ്പിക്കുന്ന പശ്ചാത്തല സംഗീതവും, പ്രിയദര്ശന് ചിത്രങ്ങളുടെ ഹൈലൈറ്റ് ആയ ചടുലതയാര്‍ന്ന ദൃശ്യങ്ങളുമാണ് ട്രെയിലറിന്റെ മറ്റ് ആകര്ഷണങ്ങള്.ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അക്ഷയ് കുമാര്‍, സെയ്ഫ് അലി ഖാന് എന്നിവരെ, ഇതുവരെ കാണാത്ത രീതിയിലാണ് പ്രിയദര്ശന് പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്നത് എന്നും ട്രെയ്ലര് കാണിച്ചു തരുന്നുണ്ട്. ആദ്യാവസാനം പ്രേക്ഷകരെ ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഒരു ത്രില്ലര്‍ ആയിരിക്കും ചിത്രമെന്ന സൂചനയും ഇതിന്റെ ടീസര്‍, ട്രെയ്ലര് എന്നിവ നല്കുന്നു. വമ്പന്‍ സസ്പെന്‍സും ഡ്രാമയും കോര്‍ത്തിണക്കിയാണ് പ്രിയദര്ശന് ഈ എഡ്ജ് ഓഫ് ദി സീറ്റ് ത്രില്ലര്‍ ചിത്രം ഒരുക്കിയിരിക്കുന്നത്.
ബോളിവുഡിലെ വമ്പന്‍ താരങ്ങളായ അക്ഷയ് കുമാര്‍, സെയ്ഫ് അലി ഖാന് എന്നിവര്‍ ഒരിടവേളക്ക് ശേഷം ഈ ചിത്രത്തിലൂടെ വീണ്ടും ഒന്നിക്കുകയാണ്. സയ്യാമി ഖേര്‍, ശ്രിയ പില്‍ഗാവോങ്കര്‍, ബൊമന്‍ ഇറാനി, രാജ്പാല് യാദവ്, ശരീബ് ഹാഷ്മി, രാജേഷ് ശര്‍മ്മ, പഹല്‍ ചൗധരി, മനോജ് ജോഷി എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. കേരളത്തില്‍ ചിത്രീകരണം ആരംഭിച്ച ‘ഹൈവാന്‍’, കൊച്ചി, വാഗമണ്‍, ഊട്ടി, മുംബൈ എന്നിവിടങ്ങളില്‍ ആയാണ് പൂര്‍ത്തീകരിച്ചത്. അക്ഷയ് കുമാറിനൊപ്പം ഒട്ടേറെ സൂപ്പര്‍ ഹിറ്റുകള്‍ ബോളിവുഡില്‍ ഒരുക്കിയിട്ടുള്ള പ്രിയദര്ശന് ആദ്യമായാണ് സെയ്ഫ് അലി ഖാനുമായി ഒരു ചിത്രത്തില്‍ ഒന്നിക്കുന്നത്. സാബു സിറിള്‍ ആണ് ഈ ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍. പ്രിയദര്ശന്, അക്ഷയ് കുമാര്‍, സെയ്ഫ് അലിഖാന്, സാബു സിറിള്‍ എന്നീ 4 ദേശീയ പുരസ്കാര ജേതാക്കള്‍ ഒന്നിക്കുന്നു എന്നതും ഹൈവാന്റെ ഹൈലൈറ്റ് ആണ്.
ഈ വര്‍ഷം ഏപ്രില്‍ മാസത്തില്‍ പുറത്തു വന്ന മറ്റൊരു പ്രിയദര്ശന് – അക്ഷയ് കുമാര്‍ ചിത്രമായ ‘ഭൂത് ബംഗ്ലാ’ ബ്ലോക്ക്ബസ്റ്റര്‍ ആയതോടെ, ഇവര്‍ വീണ്ടുമൊന്നിക്കുന്ന ചിത്രമെന്ന നിലയില്‍ കൂടി വലിയ പ്രതീക്ഷകളോടെയാണ് പ്രേക്ഷകര്‍ ‘ഹൈവാന്‍’ കാത്തിരിക്കുന്നത്. മഞ്ഞുമ്മല്‍ ബോയ്സിന് ശേഷം ചിദംബരം സംവിധാനം ചെയ്ത മലയാള ചിത്രം ‘ബാലന്’ നിര്‍മ്മിച്ചതും കെ വി എന്‍ പ്രൊഡക്ഷന്‍സ്, തെസ്പിയന്‍ ഫിലിംസ് എന്നിവര്‍ ചേര്‍ന്നാണ്. ഇവര്‍ രണ്ടും പേരും ഒരുമിച്ചു നിര്‍മ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ‘ഹൈവാന്‍’. തമിഴിലെ വമ്പന്‍ ചിത്രമായ ദളപതി വിജയ്യുടെ ‘ജനനായകന്’, ഓഗസ്റ്റ് 26 നു പുറത്തു വരുന്ന ഗീതു മോഹന്‍ദാസ്-യാഷ് ടീമിന്റെ ബ്രഹ്മാണ്ഡ കന്നഡ ചിത്രമായ ‘ടോക്സിക്’ എന്നിവ നിര്‍മ്മിച്ചതും കെ വി എന്‍ പ്രൊഡക്ഷന്‍സ് ആണ്.
നിര്‍മ്മാണം- വെങ്കട്ട് കെ. നാരായണ, ശൈലജ ദേശായി ഫെന്‍, തിരക്കഥ- പ്രിയദര്ശന്, അഭിലാഷ് നായര്‍, രോഹന് ശങ്കര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍- സാബു സിറില്‍, കോ-ഡയറക്ടര്‍- അഭിലാഷ് നായര്‍, ഛായാഗ്രഹണം – ദിവാകര്‍ മണി, സംഗീതം – പ്രീതം, സംഭാഷണങ്ങള്‍- രോഹന് ശങ്കര്‍, അസോസിയേറ്റ് പ്രൊഡ്യൂസര്‍മാര്‍- പൂജ ഷാ, ധവാല്‍ ജതാനിയ, ആക്ഷന്‍ ഡയറക്ടര്‍മാര്‍- സ്റ്റണ്ട് സില്‍വ, രവി ത്യാഗരാജന്, എഡിറ്റര്‍- അയ്യപ്പന് നായര്‍ M.S., കോസ്റ്റും ഡിസൈനര്‍മാര്‍- വി. സായ് ബാബു, കോമള്‍ ഷഹാനി മോഹന്‍, വിഎഫ്എക്സ് സൂപ്പര്‍വൈസര്‍- സിദ്ധാര്‍ത്ഥ് പ്രിയദര്ശന്, കാസ്റ്റിംഗ് ഡയറക്ടര്‍- അമര്‍ബീര്‍ ബജ്വ, പിആര്‍ഒ – വൈശാഖ് സി വടക്കേവീട്, ജിനു അനില്‍കുമാര്‍.



