ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ മണ്ഡല പുനർനിർണയ നീക്കത്തിനെതിരെ മൂന്ന് പ്രധാന ആവശ്യങ്ങളുമായി പ്രതിപക്ഷ ഇന്ത്യാ സഖ്യം. ലോക്സഭയിലെ നിലവിലെ 543 സീറ്റുകളുടെ എണ്ണം മാറ്റരുതെന്നും നിലവിലെ സീറ്റുകളിൽ തന്നെ വനിതാ സംവരണം നടപ്പാക്കണമെന്നുമാണ് പ്രധാന ആവശ്യം. സംസ്ഥാനങ്ങൾക്കിടയിലെ ലോക്സഭാ സീറ്റ് വിഹിതം അടുത്ത 25 വർഷത്തേക്ക് മാറ്റമില്ലാതെ നിലനിർത്തണമെന്നും സഖ്യം ആവശ്യപ്പെട്ടു.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ ചേർന്ന ഇന്ത്യാ സഖ്യത്തിലെ കക്ഷിനേതാക്കളുടെ യോഗത്തിലാണ് നിലപാട് വ്യക്തമാക്കിയത്. രാഹുൽ ഗാന്ധിയും യോഗത്തിൽ പങ്കെടുത്തു.
നിലവിലെ ലോക്സഭാ അംഗബലം വർധിപ്പിക്കാതെ 33 ശതമാനം വനിതാ സംവരണം നടപ്പാക്കണം. ഇതിനായി പുതിയ മണ്ഡല പുനർനിർണയത്തെ കാത്തിരിക്കേണ്ടതില്ലെന്നും പ്രതിപക്ഷം ആവശ്യപ്പെടുന്നു. സംസ്ഥാനങ്ങളുടെ നിലവിലെ പ്രാതിനിധ്യം സംരക്ഷിക്കണമെന്നും ജനസംഖ്യാ വളർച്ചയുടെ പേരിൽ ചില സംസ്ഥാനങ്ങളുടെ രാഷ്ട്രീയ പ്രാതിനിധ്യം കുറയുന്ന സാഹചര്യം ഒഴിവാക്കണമെന്നും സഖ്യം നിലപാടെടുത്തു.
അതേസമയം, പ്രതിപക്ഷ സഖ്യത്തിനുള്ളിൽ തന്നെ വിഷയത്തിൽ അഭിപ്രായവ്യത്യാസങ്ങൾ ഉയർന്നിട്ടുണ്ട്. ശരദ് പവാറിന്റെ എൻസിപിയും ഡിഎംകെയും കേന്ദ്രത്തിന്റെ പുതുക്കിയ മണ്ഡല പുനർനിർണയ നിർദേശത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്. നവംബർ 30ന് ആരംഭിക്കുന്ന പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ ബില്ലുകൾ ചർച്ചയാകാനിരിക്കെയാണ് രാഷ്ട്രീയ ചർച്ചകൾ ശക്തമാകുന്നത്.
